Sorry, you need to enable JavaScript to visit this website.

കുട്ടിയെ കാണാതായ സംഭവത്തില്‍ പോലീസ് എല്ലാ ജാഗ്രതയോടും കൂടി ഇടപെടുന്നുണ്ടെന്ന് മന്ത്രി വ.ശിവന്‍കുട്ടി

തിരുവനന്തപുരം - തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ എല്ലാ ജാഗ്രതയോടും കൂടിയാണ് ഇടപെടുന്നതെന്നും സര്‍ക്കാര്‍ അതില്‍ ഒരു വീഴ്ചയും കാണിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നു. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. പൊലീസ് എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തിക്കൊണ്ട് പരിശോധന നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാന്‍ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്.
ഒരു ആക്റ്റീവ സ്‌കൂട്ടര്‍ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദ്രബാദ് എല്‍ പി നഗര്‍ സ്വദേശികളാണ് ഇവര്‍. അമര്‍ദ്വീപ് - റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

 സംഭവം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. എല്ലാവിധത്തിലുള്ള പരിശോധനകളും പൊലീസ് നടത്തുന്നുണ്ടെന്നും ആദ്യം കുട്ടിയെ കണ്ടെത്തുക എന്നുള്ളതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൂന്ന് മണിക്കുറിലധികമുള്ള ദൃശ്യങ്ങള്‍ ഉണ്ട്. മറ്റു ജില്ലകളിലെ പൊലിസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂട്ടര്‍ മാത്രമല്ല മറ്റു ചില കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. കുടുംബത്തെയും ആ സ്ഥലത്ത് ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്ത് വരികയാണ്. ഒരുപാട് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അത് പരിശോധിക്കാനുള്ള സമയം വേണം.

കുട്ടിയുടെ കുടുംബം വര്‍ഷത്തില്‍ രണ്ട് തവണ കേരളത്തില്‍ വരാറുണ്ട്. തേന്‍ ശേഖരിക്കുന്ന ആളുകളാണ് കുടുംബം. 11.30 വരെ കുട്ടിയെ കണ്ടെന്ന് കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് അവര്‍ ഉറങ്ങി, പുലര്‍ച്ചെ ഒരു മണിക്ക് എണീറ്റ് നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ആ സമയത്ത് ട്രെയിനുകളോ ട്രെയിനുകള്‍ക്ക് സ്റ്റോപ്പോ ഇല്ല. അത് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

Latest News