Sorry, you need to enable JavaScript to visit this website.

'ദളിത് എന്ന പദം ഉപയോഗിക്കരുത്'; മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശം

ന്യൂദല്‍ഹി- പട്ടിക ജാതി വിഭാഗങ്ങളിലുള്‍പ്പെടുന്നവരെ ദളിത് എന്നു വിളിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ടി.വി ചാനലുകളോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഏഴിനു സ്വകാര്യ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം അയച്ച കത്തിലാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബോംബെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മാധ്യമങ്ങള്‍ ദളിത് എന്ന പേര് പ്രയോഗിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നാണ് കത്തില്‍ പറയുന്നത്. രണ്ടു കോടതി ഉത്തരവുകളും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം ഒരു പദ പ്രയോഗം വിലക്കുന്നത് വിവിധ കോണുകളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ദളിത് എന്ന വിളി വിലക്കിയത് കൊണ്ട് ആ സമുദായത്തിന്റെ സ്ഥിതി മെച്ചപ്പെടില്ലെന്ന്് രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ദളിത് എന്ന പേര് പരാമര്‍ശിക്കുന്നത് വിലക്കിയാല്‍ പട്ടിക ജാതി വിഭാഗക്കാര്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെ കുറിച്ചുള്ള വാര്‍ത്തകളേയും അതു ബാധിക്കുമെന്നാണ് ദളിത് നേതാക്കളുടെ അഭിപ്രായം.

ദളിത് എന്ന പദപ്രയോഗം വിലക്കണമെന്ന ബോംബെ, മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവുകളിലും അവ്യക്തതയുണ്ട്. ദളിത് എന്ന പദം ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ 'അനുയോജ്യമായ നിര്‍ദേശം' മാധ്യമങ്ങള്‍ക്കു നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവില്‍ ഒരിടത്ത് പറയുന്നു. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം മാധ്യമങ്ങള്‍ക്കാമോ എന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഇതേ ഉത്തരവില്‍ മറ്റൊരിടത്തും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനയില്‍ ഇല്ലാത്തതിനാല്‍ ദളിത എന്ന വാക്ക് സര്‍ക്കാരുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. പട്ടിക ജാതി എന്നോ ഇതിന്റെ മൊഴിമാറ്റമോ മാത്രമെ ഉപയോഗിക്കാവൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.
 

Latest News