ലഖ്‌നൗ- ഉത്തർപ്രദേശിൽ കോൺഗ്രസിന് 15 സീറ്റ് നൽകാമെന്ന് സമാജ് വാദി പാർട്ടിയുടെ വാഗ്ദാനം. കോൺഗ്രസിന് പിന്തുണ ആവശ്യമുണ്ടെങ്കിൽ 15 മണ്ഡലങ്ങളിൽ അത് നൽകാമെന്നും പകരം മറ്റു മണ്ഡലങ്ങളിൽ എസ്.പിയെ പിന്തുണക്കണമെന്നും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. റായ്ബറേലിയിൽ സോണിയ ഗാന്ധി വിജയം കൊയ്തു. അമേഠിയിൽ രാഹുൽ ഗാന്ധി തോറ്റു.
2019ൽ കോൺഗ്രസിനോടുള്ള മര്യാദയുടെ ഭാഗമായി അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നതിൽ നിന്ന് സമാജ്‌വാദി വിട്ടുനിന്നിരുന്നു. എന്നാൽ, ഇത്തവണ കോൺഗ്രസിന് 15 സീറ്റുകൾ എസ്.പി വാഗ്ദാനം ചെയ്തു. പന്ത് കോൺഗ്രസിന്റെ കോർട്ടിലാണെന്നും അവരുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും എസ്.പി പ്രതികരിച്ചു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് ചേരണമെങ്കിൽ എസ്.പിയുടെ വാഗ്ദാനം സ്വീകരിക്കണം. ഞങ്ങൾ നിരവധി റൗണ്ട് ചർച്ചകൾ നടത്തി. നിരവധി പട്ടികകൾ കൈമാറി. സീറ്റ് വിഭജനം പൂർത്തിയാകുമ്പോൾ സമാജ് വാദി പാർട്ടി അവരുടെ ന്യായ് യാത്രയിൽ പങ്കെടുക്കും- അഖിലേഷ് യാദവ് പറഞ്ഞു. യു.പിയിലെ ബാബുഗഞ്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രസംഗിക്കും. ഈ യാത്രയിൽ അഖിലേഷ് യാദവ് പങ്കെടുക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.