ലണ്ടൻ- വിമാനത്തിന്റെ ടോയ്‌ലറ്റ് നശിപ്പിക്കുകയും എയർഹോസ്റ്റസിന്റെ മുഖം ഇടിച്ചുപൊട്ടിച്ചും യാത്രക്കാരൻ. ബാങ്കോക്കിൽ നിന്ന് ഹീത്രൂവിലേക്കുള്ള തായ് എയർവേയ്‌സ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 35-കാരനാണ് വിമാനജീവനക്കാരനെ മർദ്ദിച്ച് തറയിൽ വീഴ്ത്തിയത്. സ്തബ്ധരായ മറ്റു യാത്രക്കാരൻ അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും കീഴ്‌പ്പെടുത്താനായില്ല. ഏതാനും സീറ്റുകൾക്കപ്പുറം ഇരുന്ന യുവതിയാണ് രംഗം മൊബൈൽ ക്യാമറയിൽ പകർത്തിയത്. വിമാന ജീവനക്കാരന്റെ മൂക്ക് ഇയാൾ അടിച്ചുപൊട്ടിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. അക്രമം തുടർന്നാൽ വിമാനം ദുബായിലേക്ക് തിരിച്ചുവിടുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി. രണ്ടുയാത്രക്കാർ ചേർന്ന് അക്രമിയുടെ കൈകൾ കൂട്ടിക്കെട്ടിയതോടെയാണ് അയാൾ ശാന്തനായത്. തുടർന്ന് അയാൾ മോശം ഭാഷയിൽ തെറിവിളിക്കുകയും ചെയ്തു. ലണ്ടനിൽ ഇറങ്ങിയ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.