അൽ അഹ്‌സ- ഇഖാൽ നിർമ്മാണത്തിൽ വിദഗ്ധരാണ് അൽ അഹ്‌സയിലെ കുടുംബങ്ങൾ. ഇഖാൽ നിർമാണം പാരമ്പര്യ തൊഴിലു പോലെ തലമുറകൾ കൈമാറി വരികയാണ് ഇവിടത്തുകാർ. മേന്മയുള്ള ഇഖാലുകളെന്നാൽ അൽ അഹ്‌സയിൽ നിന്നു വരുന്നതാണെന്നാണ് പഴമക്കാർ പറയാറുള്ളത്. 1,400 വർഷത്തിലേറെ പഴക്കമുണ്ട് അൽ അഹ്‌സ ഇഖാലുകളുടെ പെരുമക്ക്. പലതരം ഡിസൈനുകളിൽ ഇവർ ഇഖാൽ നിർമിക്കാറുണ്ട്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായിരുന്ന അബ്ദുൽ അസീസ് രാജാവ് ധരിച്ചിരുന്നതു പോലെയുള്ള ചതുര ഇഖാലുകൾ മുതൽ ഖുസാം, സഹാബ് തുടങ്ങിയവക്കെല്ലാം പ്രസിദ്ധമാണ് അൽ ഹസ. കൈകൾ കൊണ്ട് ഇഖാൽ നെയ്‌തെടുക്കാൻ നാലു ദിവസമെങ്കിലും ആവശ്യമായിരുന്നു.
ഈ മേഖലയിലെ യന്ത്രവൽക്കരണം അത് നാലു മണിക്കൂറായി കുറക്കാൻ സഹായിച്ചു. കൈകൾ കൊണ്ട് നിർമ്മിക്കുന്ന ഇഖാലുകളുടെ വില വളരെ കൂടുതലാണ്. പലതരം നിർമാണ വസ്തുക്കൾ ചേർത്താണ് ഇഖാലുകൾ നിർമിക്കുന്നത്. മുൻകാലങ്ങളിൽ പരുത്തി, കമ്പിളി, ചെടി നാരുകൾ എന്നിങ്ങനെ പ്രകൃതിദത്തമായ നൂലുകളും നാരുകളുമുപയോഗിച്ചായിരുന്നു കൈകൾ കൊണ്ട് ഇഖാലുകൾ നെയ്യാറുണ്ടായിരുന്നത്. അൽ അഹ്‌സയിലെ മുഹമ്മദ് അൽ സുൽത്താൻ, പിതാമഹന്മാർ വഴി കൈമാറിക്കിട്ടിയ ഇഖാൽ നെയ്ത്തിൽ വിദഗ്ധനാണ്. സൗദി സ്ഥാപക ദിനാഘോഷം അടുത്തതോടെ ഇഖാലിന് ആവശ്യം വർധിച്ചുവരികയാണെന്നും അലങ്കാരത്തിനും ആഘോഷങ്ങളിൽ അണിയാൻ വേണ്ടിയും ഇഖാൽ ധാരളമായി വിൽക്കപ്പെടുന്നുണ്ടെന്നും അൽ സുൽത്താൻ പറഞ്ഞു.