Sorry, you need to enable JavaScript to visit this website.

മോഡിയുടെ ഏത് ഗാരണ്ടിയാണ് ജനം വിശ്വസിക്കേണ്ടത് -ചിദംബരം

തൃശൂർ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏത് ഗാരണ്ടിയാണ് ഇന്ത്യൻ ജനത വിശ്വസിക്കേണ്ടതെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ ചിദംബരം. 28 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ബി.ജെ.പിയുടെ പത്ത് വർഷത്തെ ഭരണം ഇന്ത്യക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സമരാഗ്‌നി യാത്രയ്ക്ക് തൃശൂർ തെക്കേഗോപുര നടയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.പി.എ സർക്കാർ പത്ത് വർഷം കൊണ്ട് സൃഷ്ടിച്ചെടുത്ത ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം 100 ലക്ഷം കോടി രൂപയായിരുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ 200 ലക്ഷം കോടിയാകേണ്ടിയിരുന്ന ജി.ഡി.പി 172 ലക്ഷം കോടിയിലെത്തിക്കാൻ മാത്രമാണ് മോഡിയുടെ ഭരണത്തിന് കഴിഞ്ഞത്. ബി.ജെ.പി സർക്കാരിന്റെ കെടുകാര്യസ്ഥതയും തെറ്റായ നയങ്ങളുമാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുരടിച്ചതിന് പിന്നിൽ. 
രണ്ട് കോടി തൊഴിൽ പ്രതിവർഷം വാഗ്ദാനം ചെയ്ത് അധികാരത്തിൽ കയറിയ മോഡി പത്ത് വർഷത്തിനുള്ളിൽ സൃഷ്ടിക്കേണ്ടിയിരുന്നത് 20 കോടി തൊഴിലവസരങ്ങളായിരുന്നുവെങ്കിൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള പ്രധാന സ്ഥാപനങ്ങളിൽ പോലും നിയമനം നടത്താത്ത അവസ്ഥയാണ്. കേന്ദ്ര സർവകലാശാലകൾ, കേന്ദ്ര സർക്കാരിന് കീഴിലുള്ള ആതുരാലയങ്ങൾ എന്നിവിടങ്ങളിൽ മാത്രം പത്ത് ലക്ഷം ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. 
വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ. രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ കോൺഗ്രസ് സർക്കാരുകൾക്ക് മാത്രമേ കഴിയൂവെന്ന യാഥാർത്ഥ്യം കണക്കുകൾ സഹിതം നമുക്ക് മുന്നിലുണ്ട്. കോൺഗ്രസിന് ഭരണം ലഭിച്ചാൽ നിലവിൽ ദാരിദ്ര്യത്തിൽ കഴിയുന്ന 22 കോടി ജനങ്ങളേയും മധ്യവർഗത്തിലേയ്ക്ക് ഉയർത്താൻ കഴിയുമെന്ന ഉറപ്പും അദ്ദേഹം നൽകി. അതിനായി കേരള ജനത കോൺഗ്രസിനും യു.ഡി.എഫിനും വോട്ടുകൾ നൽകണമെന്നും 20 ൽ 20 സീറ്റും നൽകി യു.ഡി.എഫ് ജനപ്രതിനിധികളെ പാർലമെന്റിലേയ്ക്ക് അയക്കണമെന്നും ചിദംബരം അഭ്യർഥിച്ചു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ സ്വീകരണത്തിന് മറുപടി പറഞ്ഞു.

Latest News