Sorry, you need to enable JavaScript to visit this website.

ഇതാണ് ഗാസ, മരണത്തിന്റെ താടിയെല്ലിൽനിന്ന് അവർ ജീവിതത്തെ തിരിച്ചുപിടിക്കുന്നു

ഗാസ- മരണത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഗാസയിലെ ജനങ്ങൾ ജീവിതം നിർമ്മിച്ചെടുക്കുകയാണ്. വിടാതെ പിന്തുടരുന്ന മരണത്തിൽനിന്നും എത്ര സുന്ദരമായാണ് ഗാസയിലെ മനുഷ്യർ ജീവിതത്തെ പിടിച്ചെടുക്കുന്നത്. ഈ യുവാവിന്റെ പേര് മഹമൂദ് ഖുസൈഖ് എന്നാണ്. വടക്കൻ ഗാസ മുനമ്പിൽ നിന്നുളള സുന്ദരൻ. ബോംബാക്രമണത്തിൽ നിന്നും പട്ടിണിയിൽ നിന്നും തന്നെയും കുടുംബത്തെയും രക്ഷിക്കാൻ മധ്യഗാസയിലേക്ക് പലായനം ചെയ്യാൻ  നിർബന്ധിതനായവൻ. പലായനം മഹമൂദിനെ എത്തിച്ചത് ദേർ അൽബലാഹ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള താൽക്കാലിക കൂടാരങ്ങളിലാണ്.

ഗാസ മുനമ്പിലെ നിലവിലെ ആക്രമണം ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പ് മഹമൂദിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നവംബർ 15 നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ ഇസ്രായിൽ അധിനിവേശ സൈന്യം  അദ്ദേഹത്തിന്റെ സന്തോഷത്തെ തകർത്തു. യുദ്ധം വിവാഹത്തെ ഇല്ലാതാക്കി. 

വൻ പ്രതിസന്ധികളിലൂടെയാണ് മഹമൂദ് കടന്നുവന്നത്. എന്നാൽ ഒരു പ്രതിസന്ധിയും തന്റെ സന്തോഷത്തെയും സ്‌നേഹത്തെയും പുണരുന്നതിൽനിന്ന് അവനെ തടഞ്ഞില്ല. മഹമൂദും പ്രതിശ്രുതവധുവും കൂടാരങ്ങളിൽ കുടിയിറക്കപ്പെട്ടിട്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ജീവിതത്തിന്റെ കറുപ്പിനിടയിൽ വെളുത്ത നിറത്തിലുള്ള ആധികാരിക ഫലസ്തീനിയൻ തോബ് ധരിച്ച് മഹമൂദിന്റെ വധു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. യുദ്ധത്തിന്റെ അരാജകത്വങ്ങൾക്കിടയിൽ ഇരുവരും ഒന്നായി. 

ഇതാണ് ഗാസ. യുദ്ധത്തിനും മരണത്തിനും ഇടയിൽ ജീവിത കലയിൽ പ്രാവീണ്യം നേടുന്ന നിരവധി മനുഷ്യർ. അവർ ജീവിതത്തെ സ്‌നേഹിക്കുന്നു. മരണത്തിന്റെ താടിയെല്ലുകളിൽനിന്ന് ജീവിതത്തെ പിടിച്ചെടുക്കുന്ന ഗാസ. മരണത്തിനു ശേഷവും ജീവിക്കുന്ന മനുഷ്യരെ എങ്ങിനെയാണ് തോൽപ്പിക്കാനാകുക.
 

Latest News