മോസ്‌കോ- റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നിയുടെ മരണത്തില്‍ പുടിനാണ് ഉത്തരവാദിത്വമെന്ന് അമേരിക്ക. നവാല്‍നിയുടെ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ചതവുകളും കണ്ടെത്തിയതായി പാരാമെഡിക്കുകളെ ഉദ്ധരിച്ച് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് റഷ്യയ്‌ക്കെതിരെ പ്രസ്താവനയുമായി യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയത്.
നവാല്‍നിക്ക് സംഭവിച്ചത് പുടിന്റെ ക്രൂരതയുടെ തെളിവാണെന്നും റഷ്യയില്‍ മാത്രമല്ല ലോകത്തെവിടെയും ഇത്തരം കാര്യങ്ങള്‍ സംഭവിക്കരുതെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍ ബൈഡന്റെ ആരോപണങ്ങള്‍ അസ്വീകാര്യവും വിവേകഹീനവുമെന്നാണ് റഷ്യ പ്രതികരിച്ചത്.
ഫെബ്രുവരി 16നാണ് മോസ്‌കോയില്‍ നിന്ന് 1,900 കിലോമീറ്റര്‍ വടക്കുകിഴക്കായി ഖാര്‍പ്പിലെ 'പോളാര്‍ വുള്‍ഫ്' പീനല്‍ കോളനിയില്‍ പ്രഭാത നടത്തത്തിന് പിന്നാലെ 47കാരനായ നവാല്‍നി മരിച്ചതെന്നാണ് റഷ്യന്‍ ജയില്‍ അധികൃതര്‍ അറിയിച്ചത്.
നവാല്‍നി മരിച്ച ദിവസം ജയിലില്‍ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് റഷ്യയിലെ തടവുകാരുടെ അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഗുലാഗു ഡോട്ട് നെറ്റ് അവകാശപ്പെട്ടു. ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഉദ്യോഗസ്ഥര്‍ രണ്ട് ദിവസം മുമ്പ് ജയില്‍ സന്ദര്‍ശിച്ചതായും ഫെബ്രുവരി 15, 16 തിയ്യതികളില്‍ അലക്‌സി നവാല്‍നിക്ക് സംഭവിച്ചത് റെക്കോര്‍ഡു ചെയ്യാന്‍ സാധിക്കുന്ന ക്യാമറകളും ശബ്ദം പിടിച്ചെടുക്കുന്ന ഉപകരണങ്ങളും എടുത്തു മാറ്റിയെന്നും അവര്‍ ആരോപിക്കുന്നു.
ഫെബ്രുവരി 16ന്് വൈകുന്നേരം നവാല്‍നിയുടെ മരണത്തിന് ശേഷമാണ് ചതവുകള്‍ സംഭവിച്ചതെന്ന് രേഖപ്പെടുത്താന്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും സംഘം കുറ്റപ്പെടുത്തുന്നു.
മകന്‍ 'സഡന്‍ ഡെത്ത് സിന്‍ഡ്രോം' മൂലമാണ് മരിച്ചതെന്ന് അലക്‌സി നവാല്‍നിയുടെ അമ്മയോട് റഷ്യന്‍ അധികാരികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. അലക്‌സിയുടെ അഭിഭാഷകനും അമ്മയും എത്തിയപ്പോള്‍ നവാല്‍നിയുടെ മരണകാരണം സഡന്‍ ഡെത്ത് സിന്‍ഡ്രോം ആണെന്ന് അവരോട് പറഞ്ഞതായി നവാല്‍നിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്റെ ഡയറക്ടറായ ഇവാന്‍ ഷ്ദനോവ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.
പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും മരണത്തിനും കാരണമാകുന്ന വ്യത്യസ്ത കാര്‍ഡിയാക് സിന്‍ഡ്രോമുകളുടെ അവ്യക്തമായ പദമാണ് 'സഡന്‍ ഡെത്ത് സിന്‍ഡ്രോം' എന്നറിയപ്പെടുന്നത്.