പത്തനംതിട്ട-ഏഴംകുളം ദേവീക്ഷേത്രത്തില്‍ ഗരുഡന്‍ തൂക്കവഴിപാടിനിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് നിലത്തുവീണ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ ശിശുസംരക്ഷണ സമിതിയോടാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൂക്കുവഴിപാടിന്റെ രണ്ടാംദിവസം രാത്രിയായിരുന്നു അപകടം. എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് തൂക്കക്കാരന്റെ കൈയ്യില്‍നിന്ന് നിലത്ത് വീണത്. പത്തടി അധികം ഉയരത്തില്‍ നിന്നാണ് കുഞ്ഞ് വീണത്. അപകടത്തില്‍ കുഞ്ഞിന്റെ ഒരു കൈയ്ക്ക് ഒടിവുണ്ട്. സി.ടി സ്‌കാന്‍ ഫലം തൃപ്തികരമാണെന്നും എം.ആര്‍.ഐ ഫലം പുറത്തുവരാനുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രക്ഷിതാക്കളടക്കം ആരും വിഷയത്തില്‍ പരാതി സമര്‍പ്പിക്കാതിരുന്നതിനാല്‍ പോലീസ് ഇടപെട്ടിരുന്നില്ല. വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നിലവില്‍ കമ്മിഷന്റെ ഇടപെടല്‍.
പത്തനംതിട്ട ജില്ലയില്‍ ഏഴംകുളം പഞ്ചായത്തിലാണ് ഏഴംകുളം ദേവീക്ഷേത്രം. തെക്കന്‍ കേരളത്തില്‍ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രമാണിത്.
ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നത്
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)