ഭാര്യ സ്ഥലം വിട്ടു, പെണ്‍മക്കള്‍ ഒളിച്ചോടി...കടം കയറിയ പിതാവ് മൂന്നു മക്കളെ ജീവനോടെ കത്തിച്ചു

പട്‌ന- കടബാധ്യതയുള്ള പിതാവ് തന്റെ മക്കളെ ജീവനോടെ ചുട്ടുകൊല്ലുകയും സ്വയം തീകൊളുത്താന്‍ ശ്രമിക്കുകയും ചെയ്തത് കതിഹാര്‍ ജില്ലയിലെ കഡ്‌വ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഭാരി ഗ്രാമത്തില്‍ പരിഭ്രാന്തി പരത്തി. യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരിച്ചവര്‍ 9 നും 13 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
റിങ്കി കുമാരി (9), രാജ കുമാര്‍ (12), ശുഭങ്കര്‍ കുമാര്‍ (13) എന്നിവരാണ് മരിച്ചത്. പിതാവ് ദിനേശ് സിങ് പഞ്ചാബില്‍ കൂലിപ്പണി ചെയ്യുകയായിരുന്നു.
ഒരാഴ്ച മുമ്പ് പഞ്ചാബില്‍നിന്ന് മടങ്ങിയെത്തി. മൂന്ന് ദിവസം മുമ്പ് ഭാര്യ സുര്‍ബജന്‍ ദേവി വീട്ടുപകരണങ്ങള്‍ എല്ലാം കൊണ്ട് എങ്ങോട്ടോ പോയിരുന്നു. ദിനേശിന്റെ രണ്ട് പെണ്‍മക്കള്‍ നേരത്തെ കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു. നാട്ടിലെ ഒരു സഹകരണ സംഘത്തില്‍നിന്ന് കൂട്ടവായ്പയായി ഭാര്യ എടുത്ത കടബാധ്യതയാണ് ദിനേശിന് മാനസികാസ്വാസ്ഥ്യമുണ്ടാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. ദിനേശിന്റെ ഭാര്യയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
രണ്ട് ആണ്‍മക്കള്‍ സംഭവസ്ഥലത്ത് വെച്ചും മകള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികില്‍സക്കിടെയിലുമാണ് മരണത്തിനു കീഴടങ്ങിയതെന്ന് പോലീസ് അറിയിച്ചു.

 

Latest News