Sorry, you need to enable JavaScript to visit this website.

വിദേശരാജ്യങ്ങള്‍ സന്ദര്‍ശനത്തിന് ക്ഷണിക്കുന്നു, താന്‍ തിരിച്ചുവരുമെന്ന് അവര്‍ക്കറിയാമെന്ന് മോഡി

ന്യൂദല്‍ഹി- താന്‍ തന്നെ മൂന്നാം തവണയും പ്രധാനമന്ത്രിയായി വരുമെന്ന് ലോകത്തിന് അറിയാമെന്ന് നരേന്ദ്രമോഡി. നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഈ യാത്രക്കുള്ള ക്ഷണം. അതായത് ഞാന്‍ തിരിച്ചെത്തുമെന്ന് അവര്‍ക്കറിയാം. ആയേഗാ തോ മോഡി ഹെ.
എന്‍.ഡി.എ 400 സീറ്റിലേക്കെത്തുമെന്ന കാര്യം പ്രതിപക്ഷം പോലും അംഗീകരിക്കുന്നു. അതിനായി ബി.ജെ.പി 370 എന്ന മാജിക്കല്‍ നമ്പര്‍ കടക്കണം. രാജ്യത്ത് വികസനത്തിന്റെ കുതിപ്പ് തുടരാന്‍ ബി.ജെ.പി അധികാരത്തില്‍ മടങ്ങിയെത്തും. ബി.ജെ.പിയുടെ പ്രവര്‍ത്തനം രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാഷ്ട്രത്തിന് വേണ്ടിയാണ്. അധികാരം ആസ്വദിക്കാനല്ല താന്‍ മൂന്നാമൂഴം ആവശ്യപ്പെടുന്നത്. എന്റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ഞാന്‍ വീട് നിര്‍മിച്ച് നല്‍കില്ലായിരുന്നു. പാവപ്പെട്ട കുട്ടികളുടെ മികച്ച ഭാവിക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്- പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അടുത്ത 100 ദിവസം പുത്തന്‍ ഊര്‍ജത്തോടെയും വിശ്വാസത്തോടെയും പ്രവര്‍ത്തിക്കണം. ഇക്കാലയളവില്‍ നാം ഓരോ പുതിയ വോട്ടര്‍മാരിലേക്കും എത്തേണ്ടതുണ്ട്. എല്ലാവരുടേയും വിശ്വാസം ഉറപ്പുവരുത്തണം. എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റ് ബി.ജെ.പിക്ക് ലഭിക്കും- അദ്ദേഹം പറഞ്ഞു.

 

 

Latest News