റിയാദ്- സൗദി അറേബ്യയില്‍ ഈ വര്‍ഷം ശരാശരി ആറു ശതമാനം ശമ്പള വര്‍ദ്ധനവുണ്ടാകുമെന്ന് നിയോം സിറ്റി അപ്‌ഡേറ്റ് വ്യക്തമാക്കുന്നു. രാജ്യത്ത് വിദഗ്ധ തൊഴിലാളികളുടെ ആവശ്യം വര്‍ധിച്ചുവരികയാണ്. എണ്ണയെ മാത്രം ആശ്രയിക്കുന്നതില്‍നിന്ന് സൗദി സമ്പദ്‌വ്യവസ്ഥയെ മാറ്റാനുള്ള നിരന്തര ശ്രമങ്ങളോട് പൊരുത്തപ്പെടുന്നതാണ് വിദഗ്ദ തൊഴിലാളികളുടെ ഡിമാന്റ് വര്‍ധിക്കുന്നതും ശമ്പള വര്‍ധനവുണ്ടാകുമെന്ന പ്രവചനവും.
സൗദിയുടെ സ്വപ്‌ന പദ്ധതിയായ 500 ബില്യണ്‍ ഡോളറിന്റെ നിയോം സിറ്റി, ചെങ്കടല്‍ പദ്ധതി, അല്‍ഉല തുടങ്ങിയ പ്രധാന പദ്ധതികള്‍ വൈദഗ്ധ്യമുള്ള വ്യക്തികളെ ധാരാളമായി ആവശ്യപ്പെടുന്നു.
സൗദി അറേബ്യ ഗണ്യമായ ശമ്പള വര്‍ദ്ധനവിന് തയ്യാറെടുക്കുകയാണെന്നും 2024 ല്‍ ശരാശരി ആറു ശതമാനം വര്‍ദ്ധന പ്രതീക്ഷിക്കുന്നുവെന്നും നിയോം സിറ്റി അപ്‌ഡേറ്റ്‌സ് വ്യക്തമാക്കി.
വ്യവസായം, തൊഴിലാളികളുടെ പെര്‍ഫോമന്‍സ്, കമ്പനി ബജറ്റ് എന്നിവയെ അടിസ്ഥാനമാക്കി ശമ്പള വര്‍ധന വ്യത്യാസപ്പെടുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം കമ്പനികളും 2024ല്‍ ശമ്പളം ഉയര്‍ത്താനുള്ള ഉദ്ദേശ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
1 ട്രില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖല 1.12 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ധനമന്ത്രാലയത്തിന്റെ 2024 ലെ ബജറ്റ് പ്രസ്താവന വെളിപ്പെടുത്തിയിരുന്നു.
വിദഗ്ധരായ പ്രൊഫഷണലുകളെയും നിക്ഷേപകരെയും ലക്ഷ്യമിട്ട് സൗദി അറേബ്യ അഞ്ച് പുതിയ വിസ വിഭാഗങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ വിഭാഗങ്ങളില്‍ പ്രത്യേക കഴിവുള്ളവര്‍, പ്രതിഭകള്‍, നിക്ഷേപകന്‍, സംരംഭകന്‍, റിയല്‍ എസ്‌റ്റേറ്റ് ഉടമയുടെ റസിഡന്‍സി വിസകള്‍ എന്നിവ ഉള്‍പ്പെടുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)