ചിന്ദ്വാര- മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, കൃഷിയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ഉല്‍പന്നങ്ങള്‍ സംരക്ഷിക്കാന്‍ നൂതന നടപടികളുമായി കര്‍ഷകര്‍.
വെളുത്തുള്ളിയുടെ വില വിപണിയില്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ്. കിലോഗ്രാമിന് 400 മുതല്‍ 500 രൂപ വരെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയത് കര്‍ഷകരെ ഒരേസമയം സന്തോഷത്തിലും ദുരിതത്തിലുമാക്കി.
വെളുത്തുള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, ബദ്‌നൂരിലെ കര്‍ഷകര്‍ തങ്ങളുടെ ലാഭകരമായ വിളകള്‍ സംരക്ഷിക്കാന്‍ പാരമ്പര്യേതര മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ്. മോഷണ സംഭവങ്ങള്‍ ഈ കര്‍ഷകരെ അവരുടെ വയലുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചു.
വെളുത്തുള്ളി കൃഷിക്കാരനും മൊഹ്‌ഖേദിലെ ബദ്‌നൂര്‍ ഗ്രാമത്തിലെ താമസക്കാരനുമായ രാഹുല്‍ ദേശ്മുഖ് സിസിടിവി ക്യാമറകളുടെ പ്രാധാന്യം എടുത്തുപറഞ്ഞു.
'നേരത്തെ, ഒരു കള്ളന്‍ വയലില്‍നിന്ന് 8 മുതല്‍ 10 കിലോഗ്രാം വരെ വെളുത്തുള്ളി മോഷ്ടിക്കുകയും പിന്നീട് പോലീസ് പിടികൂടുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം ഞാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് എന്റെ വയല്‍ സംരക്ഷിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
13 ഏക്കറില്‍ വെളുത്തുള്ളി കൃഷി ചെയ്യാന്‍ 25 ലക്ഷം രൂപ നിക്ഷേപിച്ച രാഹുല്‍ ദേശ്മുഖിന് ഇപ്പോള്‍ വിപണിയില്‍ വെളുത്തുള്ളി വിറ്റതിന് ശേഷം ഒരു കോടിയോളം രൂപ വരുമാനം ലഭിച്ചു.
'ഞാന്‍ 13 ഏക്കര്‍ സ്ഥലത്ത് വെളുത്തുള്ളി നട്ടു, ആകെ 25 ലക്ഷം രൂപ ചെലവഴിച്ചു, ഇതുവരെ ഒരു കോടി രൂപയുടെ വിളകള്‍ വിറ്റു, വിളവെടുക്കാന്‍ ഇനിയും ബാക്കിയുണ്ട്, സോളാര്‍ പവര്‍ ഉപയോഗിച്ചു. വിളകളുടെ സുരക്ഷയ്ക്കായി ചലിക്കുന്ന സിസിടിവി ക്യാമറകളും സ്ഥാപിച്ചു-രാഹുല്‍ ദേശ്മുഖ് പറഞ്ഞു.
നാല് ഏക്കറില്‍ വിളയുന്ന വെളുത്തുള്ളി കൃഷി നിരീക്ഷിക്കാന്‍ മൂന്ന് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബദ്‌നൂരിലെ മറ്റൊരു വെളുത്തുള്ളി കൃഷിക്കാരനായ പവന്‍ ചൗധരി തന്റെ നാലേക്കര്‍ വെളുത്തുള്ളി കൃഷിയില്‍ 4 ലക്ഷം രൂപ ചെലവഴിച്ച് ആറ് ലക്ഷം രൂപ ലാഭം കൊയ്തു.
'എന്റെ പാടം നിരീക്ഷിക്കാന്‍ ഞാന്‍ മൂന്ന് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. രണ്ട് ക്യാമറകള്‍ എന്റേതാണ്, ഒരു ക്യാമറ വാടകക്ക് എടുത്തതാണ്. എന്റെ വയലില്‍നിന്ന് എന്റെ വെളുത്തുള്ളി മോഷ്ടിക്കപ്പെട്ടു, അതിനാല്‍ എനിക്ക് ഈ ക്യാമറകള്‍ സ്ഥാപിക്കേണ്ടി വന്നു.
കര്‍ഷകര്‍ പറയുന്നതനുസരിച്ച്, വെളുത്തുള്ളിയുടെ വാര്‍ഷിക വില സാധാരണയായി കിലോഗ്രാമിന് 80 രൂപ വരെയാണ്. ഈ സീസണില്‍ ഗണ്യമായ വര്‍ധനവ് കണ്ടു, കിലോഗ്രാമിന് 300 രൂപ കടന്നു. തല്‍ഫലമായി, അവര്‍ ഗണ്യമായ ലാഭം കൊയ്തു. മുമ്പൊരിക്കലും വെളുത്തുള്ളിയുടെ വില ഇത്ര വര്‍ധിച്ചിട്ടില്ല.