ഹല്‍ദ്വാനി- മദ്‌റസ തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ശക്തിപ്പെട്ട മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെയും കുടിയൊഴിപ്പിക്കല്‍ നടപടികളുടെയും ബാക്കിയാണ് ഈ മാസം എട്ടിനുണ്ടായ ധൃതിപിടിച്ചുള്ള മദ്‌റസ തകര്‍ക്കലും തുടര്‍ന്നുണ്ടായ സംഘര്‍ഷവുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ മാസം 14ന് ഹല്‍ദ്വാനി സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘം മാധ്യമപ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അഭിഭാഷകര്‍, കലാപ ഇരകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, പ്രദേശത്തെ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുമായി നേരിട്ടോ ടെലിഫോണിലോ സംസാരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുഷ്‌കര്‍ സിംഗ് ധാമിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലേറിയതോടെ സംസ്ഥാനത്ത് വര്‍ഗീയ, വിദ്വേഷ സംഭവങ്ങളും ക്രമാതീതമായി വര്‍ധിച്ചു. ഇതോടൊപ്പം ന്യൂനപക്ഷങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടായി. ഹരിദ്വാര്‍ അടക്കമുള്ള ഹൈന്ദവതീര്‍ഥാടന കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡ് 'ദേവഭൂമി' ആണെന്ന പുഷ്‌കര്‍ സിംഗ് ധാമിയുടെയും തീവ്രഹിന്ദുത്വ സംഘനടകളുടെയും അഖ്യാനങ്ങള്‍ ന്യൂനപക്ഷവിരുദ്ധ നീക്കങ്ങള്‍ക്ക് ശക്തിപകര്‍ന്നു. ഇത്തരം പ്രചാരണങ്ങളുടെ അര്‍ത്ഥം ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കഴിഞ്ഞവര്‍ഷം നാലായിരത്തോളം വരുന്ന കുടുംബങ്ങള്‍ താമസിക്കുന്ന മുസ്ലിം ചേരി ഒഴിപ്പിക്കാനുള്ള നീക്കമുണ്ടായി. മഖ്ബറകള്‍ തകര്‍ക്കുന്ന തുടര്‍ച്ചയായ സംഭവങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്തെ 3000 ദര്‍ഗകള്‍ തകര്‍ത്തത് സര്‍ക്കാരിന്റെ നേട്ടമായാണ് ധാമി അവതരിപ്പിച്ചത്.