റഫയെ യുദ്ധത്തില്‍നിന്ന് ഒഴിവാക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായില്‍; വെടിനിര്‍ത്തല്‍ സാധ്യത മങ്ങി

ഗാസ- യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പുതിയ പ്രമേയം കൊണ്ടുവനാനുള്ള നീക്കത്തെ വീറ്റോ ചെയ്യുമെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ  ഇസ്രായില്‍-ഹമാസ് വെടിനിര്‍ത്തലിന്റെ സാധ്യതകള്‍ മങ്ങി.
ഏകദേശം പതിനഞ്ച് ലക്ഷം ആളുകള്‍ അഭയം തേടിയ ഗാസയുടെ തെക്കേ അറ്റത്തുള്ള റഫ നഗരത്തെ യുദ്ധത്തില്‍നിന്ന് ഒഴിവാക്കണമെന്ന അന്താരാഷ്ട്ര അഭ്യര്‍ഥനകള്‍  ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് നാല് മാസം നീണ്ടുനില്‍ക്കുന്ന യുദ്ധം താല്‍ക്കാലികമായി നിര്‍ത്താനുള്ള ശ്രമങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ റഫ ആക്രമിക്കുമെന്ന് നെതന്യാഹു ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്.

എല്ലാ ഹമാസ് ബറ്റാലിയനെയും വേരോടെ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള  ഇസ്രായിലിന്റെ ആക്രമണം  റഫ നഗരത്തോട് അടുത്തിരിക്കയാണ്. ഒറ്റരാത്രികൊണ്ട് നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 10 ഗാസക്കാര്‍ കൊല്ലപ്പെട്ടു.
ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗാസയില്‍ ഇസ്രായേല്‍ നടത്തിയ  ആക്രമണത്തില്‍ ഇതുവരെ കുറഞ്ഞത് 28,858 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ബഹുഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
റഫയില്‍ കുടുങ്ങിക്കിടക്കുന്ന ഗാസക്കാര്‍ അതിര്‍ത്തി കടക്കുമെന്ന ആശങ്കയില്‍ ഇസ്രായില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ഈജിപ്തിന്റെ സിനായ് മരുഭൂമിയിലേക്കുള്ള  നിര്‍ബന്ധിത പലായനനത്തോട് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എതര്‍പ്പ് ആവര്‍ത്തിച്ചു.
ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ താല്‍ക്കാലിക ഉടമ്പടി കരാര്‍ ഉണ്ടാക്കിയാലും തന്റെ സൈന്യം റഫയിലെ അധിനിവേശം മുന്നോട്ട് കൊണ്ടു പോകുമെന്നാണ് നെതന്യാഹു പറയുന്നത്. എന്തുവന്നാലും റഫയില്‍ പ്രവേശിക്കുമെന്ന് അദ്ദേഹം ശനിയാഴ്ച ഒരു ടെലിവിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

 

 

Latest News