മിഷിഗൺ - നമ്മളെല്ലാം വിവിധ ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കുകയും ശേഷം സർവീസ് കാര്യങ്ങളും മറ്റും പരിഗണിച്ച് വെയിറ്റർമാർക്ക് ചെറിയ തുക സന്തോഷമെന്നോണം ടിപ് നൽകാറുമുണ്ട്. എന്നാൽ, ഈ ടിപ് നിരക്ക് ഒരിക്കലും ഭക്ഷണം കഴിച്ച ബില്ലിന്റെ അത്രയോ അതിന് മുകളിലോ ഒരിക്കലും വരാറില്ല.
എന്നാൽ, ഒരു ഉപഭോക്താവ് ടിപ് നൽകി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മൂവ്വായിരം രൂപയുടെ അടുത്തുവരുന്ന ബില്ലിന് ഉപഭോക്താവ് എട്ടുലക്ഷം രൂപയാണ് ടിപ് നൽകിയത്. തെറ്റിയതാകുമെന്ന് കരുതി ഹോട്ടൽ മാനേജറും കാഷ്യറുമെല്ലാം ഉപഭോക്താവുമായി ഇത്രയും വലിയൊരു തുക ടിപ് നൽകുകയോ എന്ന് വീണ്ടും ചോദിച്ചങ്കിലും അതിനുള്ള കാരണവും ആ ഉപഭോക്താവ് വ്യക്തമാക്കി.
ഫെബ്രുവരി ആറിന് യു.എസിലെ മിഷിഗണിലെ മേസൺ ജാർ കഫെ റസ്റ്റോറന്റിലാണ് സംഭവം. മാർക് എന്ന പേരുള്ള ഒരാൾ ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ മൂവ്വായിരം രൂപയ്ക്കടുത്ത് വരുന്ന ഭക്ഷണമാണ് ഇവിടെ നിന്ന് കഴിച്ചത്. ഇതിന് ശേഷം പോകുന്നതിന് മുമ്പായി ഇദ്ദേഹം എട്ടുലക്ഷം രൂപ ജീവനക്കാർക്കായി ടിപ് നൽകുകയായിരുന്നു. ഇത്രയും വലിയൊരു തുക ടിപ് കിട്ടിയതോടെ ജീവനക്കാരെല്ലാം അതിശയത്താൽ സ്തബ്ധരായി. തുടർന്ന് ഇതിന്റെ കാരണം അറിയാതെ സമാധാനമാകില്ലെന്നു പറഞ്ഞ് മാർക്കിനെ പിന്തുടർന്ന് മാനേജർ കാര്യം തരിക്കി: അപ്പോൾ ഉപഭോക്താവ് പറഞ്ഞത്, 'തന്റെ ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്തിന്റെ മരണാനന്തര ചടങ്ങിന് പോയി വരികയാണ്. അയാളുടെ ഓർമയ്ക്കാണ് ഇത്രയും വലിയൊരു തുക റെസ്റ്റോറന്റിലെ ജീവനക്കാർക്ക് ടിപ് നൽകിയതെന്നാണ്. ഇത് തിരിച്ചുവാങ്ങാൻ താൽപര്യമല്ലെന്നും ഇത് ജീവനക്കാർക്കായി വീതിച്ചുനൽകണമെന്നും' അദ്ദേഹം മാനേജരോട് നിർദേശിച്ചതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.
ഇത്ര വലിയൊരു ടിപ് കിട്ടിയതിൽ തങ്ങളെല്ലാം അതീവ സന്തോഷത്തിലാണെന്നും തങ്ങളുടെ പല സാമ്പത്തിക പ്രയാസങ്ങൾക്കും ഇത് വലിയൊരു ആശ്വാസമാകുമെന്നും ആ വലിയ മനസ്സിനും മരിച്ച സുഹൃത്തിനുമായി പ്രാർത്ഥിക്കുന്നുവെന്നും ഇവരെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. മനുഷ്യരുടെ ഇങ്ങനെയുള്ള കരുണയും കരുതലും ഏറെ വാഴ്ത്തപ്പെടട്ടെയെന്നും അവർ കുറിച്ചു. 32.43 ഡോളർ ബില്ലിൽ 10,000 ഡോളറാണ് ഉപഭോക്താവ് നൽകിയതെന്നും ബാക്കിയുള്ള തുക ടിപ്പായി 11 പേർക്ക് വീതിച്ചുനൽകിയെന്നും ഹോട്ടൽ മാനേജർ പ്രതികരിച്ചു.