ദാമോ(മധ്യപ്രദേശ്)- കോൺഗ്രസ് നേതാവും എം.പിയുമായ ജോതിരാദിത്യസിന്ധ്യയെ വെടിവെക്കുമെന്ന് ബി.ജെ.പി എം.എൽ.എയുടെ മകന്റെ ഭീഷണി. മധ്യപ്രദേശ് ബി.ജെ.പി എം.എൽ.എ ഉമ ദേവി കാതികിന്റെ മകൻ പ്രിൻസ് ദീപ് ലാൽചന്ദ് കാതികാണ് ഫെയ്‌സ്ബുക്കിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഝാൻസി റാണിയെ കൊന്ന ജിവാജിറാവുവിന്റെ രക്തം നിങ്ങളുടെ സിരകളിലുണ്ട്. നിങ്ങൾ ഹാത്തയിലെത്തിയാൽ നിങ്ങളെ ഞാൻ വെടിവെക്കും. നിങ്ങളോ ഞാനോ മരിക്കാം.എന്നായിരുന്നു സന്ദേശം.
നാളെ ഹാത്തയിൽ ജോതിരാദിത്യ സിന്ധ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കാനിരിക്കെയാണ് വെല്ലുവിളി. ഹാത്ത മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് ഭീഷണി പോസ്റ്റ് ചെയ്തയാളുടെ അമ്മ ഉമ ദേവി. ജോതിരാദിത്യ സിന്ധ്യ ഏവരാലും ബഹുമാനിക്കപ്പെടുന്നയാളാണെന്നും മകന്റെ പ്രവൃത്തി ദൗർഭാഗ്യകരമാണെന്നും പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുമെന്നും ഉമ ദേവി പ്രതികരിച്ചു. ജോതിരാദിത്യസിന്ധ്യയുടെ ജനപ്രീതിയിൽ ബി.ജെ.പിക്ക് വിറളിപിടിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ഉടൻ അന്വേഷണം വേണമെന്നും സിന്ധ്യയുടെ സുരക്ഷ വർധിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.