Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ ശ്രീമതി ടീച്ചറുടെ പേരുമായി ഇ.പി, ജയരാജനെ ചൂണ്ടി നേതൃത്വം; സി.പി.എമ്മിൽ 12 സീറ്റിൽ സ്ഥാനാർത്ഥികളായി, അനിശ്ചിതത്വം മൂന്നിടത്ത്

കോഴിക്കോട് - ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ പാർട്ടി സ്ഥാനാർത്ഥിത്വത്തിൽ നേതൃത്വം രണ്ടു തട്ടിൽ. ഒരു വിഭാഗം പുതുമുഖങ്ങളിലൂടെ മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ഇടതു മുന്നണി കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചറുടെ പേരാണ് മുന്നോട്ടു വച്ചത്.
 എന്നാൽ, സംസ്ഥാന നേതൃത്വം മുൻ എം.എൽ.എയും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി ജയരാജനെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കുന്നത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലും ഈ അഭിപ്രായത്തിനാണ് മേൽകൈ ലഭിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എം.വി ജയരാജന്റെ പേര് മുന്നോട്ടു വച്ചപ്പോൾ ഒറ്റപ്പെട്ട ചിലരാണ് ശ്രീമതി ടീച്ചറുടെ പേരിനൊപ്പമുണ്ടായതെന്നാണ് വിവരം.
 പാർട്ടിയിലെ യുവ തുർക്കികകളായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ഉപാധ്യക്ഷയുമായ പി.പി ദിവ്യ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, കണ്ണൂർ കോർപറേഷൻ കൗൺസിലർ എൻ സുകന്യ എന്നി പേരുകളാണ് നവാഗത പട്ടികയിൽ മണ്ഡലത്തിലേക്ക് നേരത്തെ ഉയർന്നിരുന്നത്. എന്നാൽ, പാർട്ടി സംസ്ഥാന നേതൃത്വം എം.വി ജയരാജന്റെ പേര് മുന്നോട്ടു വെച്ചതോടെ പുതുമുഖ പരീക്ഷണമെന്ന ആവശ്യത്തിൽനിന്ന് പാർട്ടി പിന്നാക്കം പോയതായാണ് വിവരം. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 എം.വി ജയരാജൻ മുമ്പ് എടക്കാട് മണ്ഡലത്തിൽനിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006-ൽ കണ്ണൂർ മണ്ഡലത്തിൽനിന്ന് കോൺഗ്രസിലായിരുന്ന എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ നിയമസഭയിലേക്ക് പൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒന്നാം പിണറായി സർക്കാറിൽ മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പി ജയരാജൻ കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ ചുമതലയേറ്റത്. എം.വി ജയരാജൻ സ്ഥാനാർത്ഥിയായാൽ ജില്ലാ സെക്രട്ടറിയുടെ ചുമതല പാർട്ടിയുടെ മുതിർന്ന നേതാവും മുൻ ജില്ലാ സെക്രട്ടറിയുമായ എം പ്രകാശൻ മാസ്റ്ററെ ഏൽപ്പിച്ചേക്കുമെന്നും അണിയറയിൽ സംസാരമുണ്ട്.
 അതിനിടെ, പാർട്ടി മത്സരിക്കുന്ന സംസ്ഥാനത്തെ 15 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമാക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തിരിക്കിട്ട കൂടിയാലോചനകളിലാണ്. വിവിധ ജില്ലാ കമ്മിറ്റികൾ തന്ന ശിപാർശകളിൽ സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനം അധികം നീളില്ല. പാർട്ടി മത്സരിക്കുന്ന മൂന്ന് സീറ്റുകളിലൊഴികെ ബാക്കി 12ലും ഇതിനകം ഏറെക്കുറെ ധാരണയിലെത്താൻ നേതൃത്വത്തിനായിട്ടുണ്ട്. 21ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം ഉണ്ടാവുകയെന്നാണ് അറിയുന്നത്.
  സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭയിലെ കക്ഷി നേതാവുമായ എളമരം കരീമിനെ കോഴിക്കോട്ടും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ ശൈലജ ടീച്ചറെ വടകരയിലും സ്ഥാനാർത്ഥിയാക്കാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ട്. കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കൊയിലാണ്ടി എം.എൽ.എയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ കാനത്തിൽ ജമീല എന്നിവരുടെ പേരും സാധ്യതാ പട്ടികയിൽ ഉയർന്നെങ്കിലും മുതിർന്ന നേതാവ് എളമരം കരീമിനെ മണ്ഡലത്തിൽ എന്തെങ്കിലും അത്ഭുദം കാണിക്കാനാവൂ എന്ന നിഗമനത്തിലാണ് നേതൃത്വം എത്തിയത്. വടകരയിലും കാര്യങ്ങൾ എളുപ്പമല്ലെന്നിരിക്കെ ശക്തമായ വെല്ലുവിളി ഉയർത്താൻ ശൈലജ ടീച്ചർക്കേ സാധിക്കൂ എന്നാണ് നേതൃ വിലയിരുത്തൽ. 
 കാസർക്കോട്ട് പാർട്ടി ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചു. മത്സരത്തിനില്ലെന്ന് പരസ്യമായി പറഞ്ഞെങ്കിലും ആലത്തൂരിലേക്ക് മന്ത്രി കെ രാധാകൃഷ്ണന്റെ പേരാണ് പാർട്ടി നേതൃത്വത്തിന് മുമ്പിലുള്ളത്. എന്നാൽ, മന്ത്രി മത്സരിക്കാനില്ലെന്ന നിലപാട് കടുപ്പിച്ചാൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലനാകും ഇവിടെ സാധ്യത.
കൊല്ലത്ത് നടൻ മുകേഷും ആലപ്പുഴയിൽ സിറ്റിംഗ് എം.പി എ.എം ആരിഫും സ്ഥാനാർത്ഥിയാകുന്നതിലും പ്രഖ്യാപനം മാത്രം ബാക്കിനിൽക്കുന്നു. പാലക്കാട്, പൊന്നാനി സീറ്റുകളിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന്റെയും മുൻ മന്ത്രി ഡോ. കെ.ടി ജലീലിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. പത്തനംതിട്ടയിൽ മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എ തോമസ് ഐസകിന്റെയും ആറ്റിങ്ങലിൽ പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എം.എൽ.എയുമായ വി ജോയിയുടെ പേരിലും പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ. ഇടുക്കിയിൽ മുൻ എം.പി ജോയ്‌സ് ജോർജിനെ വീണ്ടും പൊതുസ്വതന്ത്രനായി പാർട്ടി പരിഗണിക്കുമ്പോൾ, മലപ്പുറം, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ ധാരണയിൽ എത്തിയിട്ടില്ല. ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥിനും എറണാകുളത്ത് കോൺഗ്രസ് വിട്ട് സി.പി.എമ്മുമായി സഹകരിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസിന്റെ മകൾ രേഖാ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി, കെ.എസ് അരുൺകുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. മലപ്പുറത്ത് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിന്റെയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം അബ്ദുല്ല നവാസിന്റെയും പേരുകളിൽ ചർച്ചയിൽ തീരുമാനമാകാനുണ്ട്.

Latest News