വഡോദര-വിവാഹമോചനത്തിന് കേസ് നടക്കവെ അവിടെ വച്ച് ഭര്‍ത്താവ് ഭാര്യയ്ക്ക് ചോക്ലേറ്റ് കൊടുത്തതാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. വാലന്റൈന്‍സ് ഡേയിലായിരുന്നു കേസ് വിളിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് യുവാവ് ഭാര്യയ്ക്ക് ചോക്ലേറ്റ് സമ്മാനിച്ചത്.
ഗുജറാത്തില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ എഞ്ചിനീയറാണ് യുവാവ്. 2020 ഫെബ്രുവരിയിലാണ് യുവാവും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വഡോദരയില്‍ നിന്നുള്ളതാണ് യുവതി. വിവാഹം കഴിയുമ്പോള്‍ അവള്‍ക്ക് 25 വയസ്സും യുവാവിന് 27 വയസ്സുമായിരുന്നു പ്രായം.
വിവാഹം കഴിഞ്ഞയുടനെ തന്നെ യുവാവും മുത്തശ്ശനും മുത്തശ്ശിയും അഞ്ച് ലക്ഷം രൂപ സ്ത്രീധനം നല്‍കണം എന്നാവശ്യപ്പെട്ട് തന്നെ ബുദ്ധിമുട്ടിച്ചിരുന്നതായി യുവതി പരാതിപ്പെട്ടിരുന്നു. ഒപ്പം ഗാര്‍ഹിക പീഡനമുണ്ടായി എന്നും വിവാഹം കഴിഞ്ഞ് വെറും നാല് മാസങ്ങള്‍ക്കുള്ളില്‍ തനിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു എന്നും യുവതി പറയുന്നു. കുടുംബകോടതിയിലാണ് കേസ് നടക്കുന്നത്. 30,000 രൂപ തനിക്ക് ഓരോ മാസവും ജീവനാംശം നല്‍കണം എന്നതാണ് യുവതിയുടെ ആവശ്യം. യുവാവിന്റെ ശമ്പളം 50,000 രൂപയാണ്.
എന്തായാലും കേസില്‍ ഹിയറിംഗ് വിളിച്ചത് വാലന്റൈന്‍സ് ഡേയിലായിരുന്നു. അതേ തുടര്‍ന്നാണ് യുവാവ് യുവതിക്ക് ചോക്ലേറ്റ് സമ്മാനിച്ചത്. കുടുംബക്കാരുടേയും വക്കീലന്മാരുടേയും മുന്നില്‍ വച്ചാണ് യുവാവ് ചോക്ലേറ്റ് സമ്മാനിച്ചത്. എന്നാല്‍, അവരത് വാങ്ങാന്‍ തയ്യാറായിരുന്നില്ല. യുവതി യുവാവിനോട് പറഞ്ഞത്, 'നിങ്ങളെന്നെ സ്നേഹിച്ചിരുന്നുവെങ്കില്‍ എന്നും നമുക്ക് പ്രണയദിനമായിരുന്നേനെ. എന്നെ കാണാനോ സംസാരിക്കാനോ നിങ്ങള്‍ തയ്യാറായില്ല. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും കാണാന്‍ പോലും ശ്രമിച്ചിരുന്നില്ല' എന്നാണ്.