ഉപേക്ഷിക്കപ്പെട്ട ബോയിംഗ് ആഡംബര വില്ലയാക്കി റഷ്യൻ സംരംഭകൻ

മോസ്‌കോ- ഉപേക്ഷിക്കപ്പെട്ട ബോയിംഗ് വിമാനം ലക്ഷ്വറി വില്ലയാക്കി മാറ്റി റഷ്യൻ സംരംഭകൻ. റഷ്യൻ സംരംഭകനായ ഫെലിക്‌സ് ഡെമിൻ എന്നയാളാണ് ഉപേക്ഷിക്കപ്പെട്ട ബോയിംഗ് 737 വിമാനത്തെ രണ്ട് കിടപ്പുമുറികളുള്ള വില്ലയാക്കി മാറ്റിയത്. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കാഴ്ചകളുള്ള ഒരു ഇൻഫിനിറ്റി പൂൾ, ടെറസ് എന്നിവയും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ ബാലിയിലെ മനംമയക്കുന്ന ന്യാങ് ന്യാങ് ക്ലിഫുകൾക്ക് മുകളിലാണ് ഈ അതുല്യമായ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. 
ട്വിറ്ററിൽ സജീവമായ വ്യവസായി ആനന്ദ് മഹീന്ദ്രയാണ് വാണിജ്യ വിമാനം വില്ലയാക്കി മാറ്റിയ ഒരാളുടെ കൗതുകകരമായ വീഡിയോ പങ്കുവെച്ചത്. 

'ചില ആളുകൾക്ക് അവരുടെ സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കാൻ കഴിയുന്നത് ഭാഗ്യമാണ്. ഇദ്ദേഹം തന്റെ ഭാവനയിൽ ഒരു നിയന്ത്രണവും ചുമത്തുന്നതായി തോന്നുന്നില്ല! ഇവിടെ താമസിക്കാൻ എനിക്ക് മോഹം തോന്നുന്നുണ്ടെന്നും ആനന്ദ് മഹീന്ദ്ര എഴുതി. വില്ലയുടെ വിശദമായ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 

അകത്ത് ബാർ, സോഫ ബെഡ്, ഗ്ലാസ് പോർട്ടൽ എന്നിവയുള്ള ഒരു ലിവിംഗ് റൂമും വാക്ക്-ഇൻ ക്ലോസറ്റുകളുള്ള രണ്ട് കിടപ്പുമുറികളും ഉണ്ട്. കോക്ക്പിറ്റ് ഒരു വലിയ കുളിമുറിയാക്കി മാറ്റി, സൺ ലോഞ്ചറുകൾ, ഒരു ഔട്ട്‌ഡോർ ലോഞ്ച് ഏരിയ, ഫയർ പിറ്റ് എന്നിവയും ഒരുക്കി. 

സർവീസ് അവസാനിപ്പിച്ച ബോയിംഗ് 737 2021-ലാണ് ഡെമിൻ വാങ്ങിയത്. പിന്നീട് തന്റെ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. 2023-ൽ ലോകത്തിലെ ഏറ്റവും അഭിമാനകരമായ ആഡംബര റിട്രീറ്റുകളിൽ ഒന്നായി ഇത് മാറി. ഈ സ്വകാര്യ ജെറ്റ് വില്ല വാടകയ്ക്ക് ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്.
 

Latest News