Sorry, you need to enable JavaScript to visit this website.

ചെക്കുകൾ മടങ്ങിയ സംഭവം; സിനിമാ നിർമ്മാതാവിന് രണ്ടു വർഷം ജയിലും രണ്ടു കോടി പിഴയും

ന്യൂദൽഹി- ചെക്കുകൾ പണമില്ലാതെ മടങ്ങിയ സംഭവത്തിൽ ചലച്ചിത്ര നിർമ്മാതാവ് രാജ്കുമാർ സന്തോഷിക്ക് ഗുജറാത്തിലെ ജാംനഗറിലെ പ്രാദേശിക കോടതി രണ്ട് വർഷം തടവും രണ്ടു കോടി രൂപ പിഴയും വിധിച്ചു. ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കോടതി 30 ദിവസത്തെ സ്‌റ്റേ അനുവദിച്ചു. 
വ്യവസായിയും ഷിപ്പിംഗ് വ്യവസായിയുമായ അശോക് ലാലിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. സിനിമാ പ്രോജക്റ്റിനായി സന്തോഷിക്ക് അശോക് ലാൽ ഒരു കോടി രൂപ വായ്പ നൽകിയിരുന്നു. തുക തിരിച്ചടയ്ക്കാൻ 10 ലക്ഷം രൂപയുടെ 10 ചെക്കുകൾ രാജ്കുമാർ കൈമാറുകയും ചെയ്തു.

എന്നാൽ, എക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് ചെക്കുകൾ ബൗൺസായി. പിന്നീട് രാജ്കുമാറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും തുടർന്നാണ് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം കേസ് ഫയൽ ചെയ്തതെന്നും അശോക് ലാൽ പറഞ്ഞു. ഘയാൽ, ഘട്ടക്, ദാമിനി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയാണ് രാജ്കുമാർ സന്തോഷി അറിയപ്പെടുന്ന നിർമ്മാതാവായത്. വരാനിരിക്കുന്ന  'ലാഹോർ 1947' ആമിർ ഖാൻ പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. സണ്ണി ഡിയോളും പ്രീതി സിന്റയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
 

Latest News