ഭോപ്പാൽ- മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കോൺഗ്രസ് നേതാവ് കമൽനാഥിനെ തന്റെ മൂന്നാമത്തെ മകൻ എന്ന് വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയുമായും ഗാന്ധി കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകളോട് പ്രതികരിക്കവെ ഇന്ദിരാഗാന്ധിയുടെ മൂന്നാമത്തെ മകന് ബി.ജെ.പിയിൽ ചേരാനാകുമോ എന്ന് ചോദിച്ച് പഴയ വിശേഷണം ഒരിക്കൽ കൂടി ഓർമ്മിച്ചെടുത്തത് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയാണ്. കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത വെറും കിവംദന്തി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗും കിംവദന്തികളെ തള്ളിക്കളഞ്ഞു.
'കമൽനാഥിനെക്കുറിച്ചുള്ള ഈ സംസാരങ്ങൾ അടിസ്ഥാനരഹിതമാണ്. 1980-ൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച കമൽനാഥിനെ, ഒരു പൊതുയോഗത്തിൽ ഇന്ദിരാ ഗാന്ധിയാണ് തന്റെ മൂന്നാമത്തെ മകൻ എന്ന് പരിചയപ്പെടുത്തിയത്- പട്വാരി ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഇന്ദിരാജിയുടെ മൂന്നാമത്തെ മകൻ കോൺഗ്രസ് വിടുന്നത് ആരെങ്കിലും സ്വപ്നം കാണുമോ എന്നും അദ്ദേഹം ചോദിച്ചു.
1980ൽ ഏഴാം ലോക്‌സഭയിലേക്കാണ് കമൽനാഥ് നാഥ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഒമ്പത് തവണ ലോക്‌സഭയിൽ ചിന്ദ്വാര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. നിലവിൽ ചിന്ദ്വാരയിൽ നിന്നുള്ള എം.എൽ.എയാണ്. മകൻ നകുൽ നാഥ് ഈ മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നു. 77 കാരനായ കമൽനാഥ് രാജ്യസഭാ ടിക്കറ്റ് ലഭിക്കാത്തതിൽ അതൃപ്തനാണെന്നതാണ് ബി.ജെ.പി പ്രവേശനം സംബന്ധിച്ച വിവാദങ്ങൾക്ക് കാരണം. കോൺഗ്രസിൽ അതൃപ്തിയുണ്ടെങ്കിൽ കമൽനാഥിനും മകനും ബി.ജെ.പിയിൽ ചേരാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി.ഡി ശർമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെയാണ് കമൽനാഥിന്റെ ബി.ജെ.പി പ്രവേശനം ചർച്ചയായത്.
രാജ്യസഭയിലേക്കുള്ള നോമിനേഷൻ നിഷേധിച്ചതിതിൽ കമൽനാഥ് അസ്വസ്ഥനാണന്ന റിപ്പോർട്ട് പാർട്ടി തള്ളിക്കളഞ്ഞു. രാജ്യസഭയിലേക്ക് കോൺഗ്രസ് നോമിനിയായി അശോക് സിങ്ങിന്റെ പേര് കമൽനാഥാണ് നിർദ്ദേശിച്ചതെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
അതേസമയം, കമൽനാഥ് ഒരിക്കലും ബി.ജെ.പിയിൽ ചേരില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്. അതേസമയം, നെഹ്‌റു-ഗാന്ധി കുടുംബത്തിനൊപ്പം രാഷ്ട്രീയ ഇന്നിംഗ്‌സ് ആരംഭിച്ച കമൽനാഥിന് ഒരിക്കലും പാർട്ടി വിടാനാകില്ലെന്ന് ദിഗ്‌വിജയ സിംഗ് അഭിപ്രായപ്പെട്ടു. നിലനിൽക്കാത്ത കാര്യങ്ങളിൽ ഏർപ്പെടരുത്. ഇന്നലെ രാത്രി ഞാൻ കമൽ നാഥുമായി സംസാരിച്ചു. അദ്ദേഹം ചിന്ദ്വാരയിലാണ്. അദ്ദേഹം പാർട്ടിക്ക് പിന്നിൽ അടിയുറച്ചുനിന്നയാളാണ്. അങ്ങനെയൊരാൾ കോൺഗ്രസിനെയും സോണിയാജിയെയും ഇന്ദിരാജി കുടുംബത്തെയും വിട്ടുപോകുമെന്ന് വിശ്വസിക്കാമോ?സിംഗ് കൂട്ടിച്ചേർത്തു.
ബി.ജെ.പിയിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ശനിയാഴ്ച ഉച്ചയോടെ കമൽനാഥ് ദൽഹിയിലെത്തി. ബി.ജെ.പിയിൽ ചേരുമെങ്കിൽ അക്കാര്യം ആദ്യം മാധ്യമങ്ങളെ അറിയിക്കുമെന്നും ആവേശം കൊള്ളരുതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.