ഗാസ- ഇസ്രായിലിന്റെ വ്യോമാക്രമണത്തിൽ ഗാസയിലെ മുഹമ്മദ് അൽ യാസ്ജിക്ക് ഉമ്മയെ നഷ്ടപ്പെട്ടു. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കേ ഗാസയിലായിരുന്ന പിതാവിനെ പറ്റി ഇപ്പോഴും വിവരമില്ല. ഏഴു സഹോദരങ്ങളാണ് മുഹമ്മദ് അൽ യാസ്ജി എന്ന പതിമൂന്നുകാരന്. ഏറ്റവും ഇളയ സഹോദരിയുടെ പ്രായം ഏഴുമാസമാണ്. യൂസഫ്, സഹാർ, സോർ, വർദ, ഫാത്തിമ, മായിസ്, മൂസ എന്നിവരാണ് യാസ്ജിയുടെ സഹോദരങ്ങൾ.
ഹമാസിന്റെ ഇസ്രായിൽ അക്രമണത്തിന് ശേഷം, ഒക്ടോബർ പത്തിന് ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിലാണ് യാസ്ജിയുടെ ഉമ്മ കൊല്ലപ്പെട്ടത്. പിതാവിനെ പറ്റി വിവരമില്ല. യുദ്ധം മാത്രമുള്ള ഗാസയിലാണ് യാസ്ജി ജീവിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
രാവിലെ ആറു മണിക്ക് എഴുന്നേൽക്കുന്ന മുഹമ്മദ് യാസ്ജി തന്റെ സഹോദരങ്ങൾക്കായി വെള്ളവും ഭക്ഷണവും ശേഖരിക്കും. ഭക്ഷണം പാകം ചെയ്യാനുള്ള വിറകുമായാണ് തിരിച്ചെത്തുന്നത്. വെള്ളത്തിനായി നിരവധി പേർ വരി നിൽക്കുന്നിടത്തുനിന്ന് വെള്ളം ശേഖരിച്ച് സഹോദരങ്ങളുടെ അടുത്തേക്ക്.
ഏറ്റവും ഇളയ സഹോദരിക്കായി വിറകടുപ്പിൽ പാൽ ഊതിയൂതി തിളപ്പിക്കുന്നു. അവളുടെ കരച്ചിൽ എങ്ങിനെ അടക്കിനിർത്താമെന്ന് ഇതോടകം മുഹമ്മദ് യാസ്ജി പഠിച്ചിട്ടുണ്ട.് കുപ്പിപ്പാലിൽ കുഞ്ഞു സഹോദരിക്ക് പാൽ നൽകി അവളെ പാട്ടുപാടി ഉറക്കാനൊക്കെ പഠിച്ചിരിക്കുന്നു. എല്ലാവർക്കുമായി കറിയുണ്ടാക്കി അവരെ ഊട്ടും. ഭക്ഷണം എല്ലാവരും ഒന്നിച്ചു കഴിക്കുന്നു. രാത്രി ഉറക്കിലേക്ക് പോകുന്നതുവരെ എല്ലാവരൈയും പരിചരിച്ച് മുഹമ്മദ് യാസ്ജി. പ്രിയപ്പെട്ടവരെ യുദ്ധത്തിന്റെ ഭീതിയിൽനിന്ന് മാറ്റി നിർത്താൻ ഫുട്‌ബോളുമായി അവൻ കളിക്കാനുമിറങ്ങുന്നു.
എല്ലാ തിരക്കിലും ഓരോ ദിവസവും മുഹമ്മദ് യാസ്ജി തന്റെ പിതാവിന്റെ ഫോണിൽ റിംഗ് ചെയ്തുകൊണ്ടിരിക്കും. അത് ശബ്ദിക്കുന്നുണ്ടോ എന്നു നോക്കും. ഇതേവരെ അത് ഒച്ചയുണ്ടാക്കിയിട്ടേയില്ല.