കരിപ്പൂർ - കിരാത നടപടികൾ സ്വീകരിച്ച് പ്രതിഷേധങ്ങളെയും എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതികൂല ശബ്ദങ്ങളെ ഞെരുക്കുകയാണെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പൗരാവകാശങ്ങളും മാധ്യമ ജാഗ്രതയും എന്ന വിഷയത്തിലുള്ള മാധ്യമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വഴിവിട്ട നിയമനടപടികളിലൂടെ എതിർക്കുന്ന മാധ്യമങ്ങളെ വരുതിക്ക് നിർത്താനും അല്ലാത്തപക്ഷം ഇല്ലായ്മ ചെയ്യാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാനാവില്ലെന്നും മാധ്യമസ്വാതന്ത്ര്യം ഇല്ലാതാകുന്ന ഇന്ത്യയിൽ പ്രവർത്തനസ്വാതന്ത്ര്യം കൂടുതൽ ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, പട്ടിണി, ഭാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെ അടിച്ചമർത്തുകയും തുറുങ്കിലടക്കുകയും ചെയ്യുന്നു. ലോക്ഡൗൺ കാലത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ കൂട്ടപലായനവും കർഷകരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മാധ്യമങ്ങൾ ധൈര്യപ്പെടുന്നില്ല. കേന്ദ്രഭരണത്തിന് വിധേയപ്പെടാതെ നിഷ്പക്ഷമായി വാർത്തകളെ സമീപിക്കുന്ന മാധ്യമങ്ങളെ കേന്ദ്രം വിവിധ മാർഗങ്ങളിലൂടെ നിശബ്ദമാക്കുകയാണെന്നും ലോകത്തെ 180 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്താണെന്നും ഇത് രാജ്യത്തിനും ജനാധിപത്യത്തിനും ഏറെ അപകടകരമാണെന്നും മാധ്യമ സമ്മേളനം അഭിപ്രായപ്പെട്ടു.
സുഫ്യാൻ അബ്ദുസ്സത്താർ മോഡറേറ്ററായി. വി കെ ആസിഫലി വിഷയം അവതരിപ്പിച്ചു. മാധ്യമപ്രവർത്തകരായ വെങ്കടേഷ് രാമകൃഷ്ണൻ, ആർ രാജഗോപാൽ, പി ജെ ജോഷ്വ, അഡ്വ. കെ പി നൗഷാദലി, കെ ജയദേവൻ, വി എം ഇബ്രാഹിം, കമാൽ വരദൂർ, നിഷാദ് റാവുത്തർ, അഡ്വ. വി കെ ഫൈസൽ ബാബു, അശ്റഫ് തൂണേരി, ശുക്കൂർ കോണിക്കൽ, നൂറുദ്ദീൻ എടവണ്ണ സംസാരിച്ചു.