ഭോപ്പാൽ- പാർട്ടി തീരുമാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാണെന്ന് മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷൻ വി.ഡി ശർമ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥ് സോഷ്യൽ മീഡിയയിലെ തന്റെ ബയോയിൽ നിന്ന് കോൺഗ്രസ് എന്ന പേര് ഒഴിവാക്കി. നകുൽനാഥും പിതാവ് കമൽനാഥും ബി.ജെ.പിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയാണ് നകുൽനാഥിന്റെ നീക്കം. ഇന്ന് ദൽഹിയിൽ എത്തുന്ന കമൽനാഥ് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഈ ആഴ്ച ആദ്യം നിരവധി നേതാക്കളാണ് ബി.ജെ.പിയിൽ ചേർന്നത്. മുൻ എം.എൽ.എ ദിനേശ് അഹിർവാറും വിദിഷയിൽ നിന്നുള്ള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാകേഷ് കടാരെയും ഫെബ്രുവരി 12ന് ബി.ജെ.പിയിൽ ചേർന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ചതിൽ അസ്വസ്ഥരായ മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾക്കായി പാർട്ടിയുടെ വാതിലുകൾ തുറന്നിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി.ഡി ശർമ്മ പറഞ്ഞു.
മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്‌സഭ എം.പിയാണ് നകുൽനാഥ്. ചിന്ദ്വാര ലോക്സഭാ സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസം ഇദ്ദേഹം സ്വയം പ്രഖ്യാപിച്ചിരുന്നു. പാർട്ടി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഇത്തവണയും ഞാൻ നിങ്ങളുടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരിക്കും. കമൽനാഥോ നകുൽനാഥോ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. കമൽനാഥ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു നകുൽനാഥ് പറഞ്ഞത്.
കമൽനാഥിന്റെ കോട്ടയാണ് ചിന്ദ്വാര. 2019 ലെ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ മറ്റ് 28 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചിട്ടും ചിന്ദ്വാരയിൽ നിന്ന് നകുൽ നാഥിന് വിജയിക്കാനായി.