പുല്‍പള്ളി- ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹവുമായി പുല്‍പള്ളി ബസ് സ്റ്റാന്‍ഡില്‍ ജനകീയ പ്രതിഷേധം. പോളിന്റെ കുടുംബത്തിനു നല്‍കുന്ന സമാശ്വാസ ധനത്തിന്റേതടക്കം കാര്യങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പ് ആവശ്യപ്പെട്ടാണ് മൃതദേഹം ബസ്റ്റാന്‍ഡില്‍ മേശപ്പുറത്ത് വച്ച് പ്രതിഷേധിക്കുന്നത്. നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. എം.എല്‍.എമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരടക്കം ജനപ്രതിനിധികള്‍ സ്ഥലത്തുണ്ട്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സമാശ്വാധന ധനം ഉള്‍പ്പെടെ ആവശ്യങ്ങളാണ് ജനം ഉന്നയിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പോളിന്റെ മൃതദേഹം രാവിലെ എഴോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. രാവിലെ 9.45നാണ് ആംബുലന്‍സില്‍ മൃതദേഹം പുല്‍പള്ളിയില്‍ എത്തിച്ചത്. മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് മൃതദേഹത്തെ അനുഗമിച്ചിരുന്നു.
മൃതദേഹം കലക്ടറേറ്റ് പടിക്കല്‍ വച്ചുള്ള പ്രതിഷേധം ഉണ്ടാകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ കലക്ടറേറ്റ് പരിസരത്ത് വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു.