ന്യൂദല്‍ഹി - ആംആദ്മി എം എല്‍ എമാരെ ബി ജെ പി വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ആംആദ്മി എം എല്‍ എ മാരെ ബി ജെ പി റാഞ്ചാന്‍ ശ്രമിക്കുകയാണെന്നും 25 കോടി രൂപ വരെ അവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കെജ്‌റിവാള്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ എം എല്‍ എമാര്‍ ആരും കൂറുമാറിയിട്ടില്ലെന്നും എല്ലാവരും പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് അരവിന്ദ് കെജ്റിവാള്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത്. 70 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 62 എം എല്‍ എമാരും ബിജെപിക്ക് എട്ട് എം എല്‍ എമാരുമാണുള്ളത്.
ഇതിനിടെ ദല്‍ഹി മദ്യ കുംഭകോണ കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാകുമെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഇന്ന് റൂസ് അവന്യൂ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായ സമയത്താണ് കെജ്റിവാള്‍ ഇക്കാര്യം അറിയിച്ചത്. ദല്‍ഹി മദ്യ കുംഭകോണ കേസില്‍ ആവര്‍ത്തിച്ച് സമന്‍സ് ലഭിച്ചിട്ടും കെജ്റിവാള്‍ ഹാജരായിരുന്നില്ല. കെജ്റിവാളിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടതിണനെ തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രി കോടതിയില്‍ ഹാജരാകുമെന്നും ജാമ്യാപേക്ഷ നല്‍കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇന്ന് നടന്ന വെര്‍ച്വല്‍ കോടതി നടപടിയ്ക്കിടെ തനിക്ക് കോടതിയില്‍ വരാന്‍ ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാല്‍ വിശ്വാസ പ്രമേയവും ബജറ്റ് സമ്മേളനവുമാണ് അതിനു തടസ്സമായതെന്നും കെജ്റിവാള്‍ പറഞ്ഞു. മാര്‍ച്ച് ഒന്ന് കഴിഞ്ഞതിനു ശേഷം ഏതു തീയതിയിലും കോടതിയില്‍ ഹാജരായിക്കൊള്ളാമെന്നും അദ്ദേഹം അറിയിച്ചു.