Sorry, you need to enable JavaScript to visit this website.

അര്‍ഹതയില്ലാത്ത വിജയം വേണ്ട; പാകിസ്ഥാനില്‍ ജമാഅത്തെ ഇസ്‌ലാമി സീറ്റ് ഉപേക്ഷിച്ചു

കറാച്ചി- വിവാദമായ പാകിസ്ഥാന്‍ ദേശീയ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിച്ച ഒരു സീറ്റ് വേണ്ടെന്നുവെച്ച് ജമാഅത്തെ ഇസ്ലാമി. വോട്ടില്‍ കൃത്രിമത്വം കാണിച്ചാണ് ഫലം അനുകൂലമാക്കിയതെന്ന ആരോപണം ഉയര്‍ന്നതിന്  പിന്നാലെയാണ് ജമാഅത്തെ ഇസ്‌ലാമി കറാച്ചി നഗരത്തിലെ പ്രവിശ്യാ അസംബ്ലി സീറ്റ് പി. എസ് 129 നേടിയ ഹാഫിസ് നയീം ഉര്‍ റഹ്‌മാന്‍ സീറ്റ് ഉപേക്ഷിച്ചത്. 

ഇമ്രാന്‍ ഖാന്റെ പി. ടി. ഐ പാര്‍ട്ടി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതും അവരുടെ എണ്ണം പിന്നീട് കുറഞ്ഞതും ശ്രദ്ധയില്‍പ്പെട്ടതോടെ സീറ്റ് വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് അധികാരികള്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. പി. എസ് 129 സീറ്റ് ഇനി ആര്‍ക്കായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനങ്ങളുണ്ടായിട്ടില്ല.

ആരെങ്കിലും തങ്ങളെ നിയമവിരുദ്ധമായ രീതിയില്‍ വിജയിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് അംഗീകരിക്കില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുജനാഭിപ്രായം മാനിക്കണമെന്നും വിജയി ജയിക്കുകയും തോല്‍ക്കുന്നവന്‍ തോല്‍ക്കുകയും ചെയ്യണമെന്നും ആര്‍ക്കും അധികമായി ഒന്നും ലഭിക്കരുതെന്നും ഹാഫിസ് നയീം ഉര്‍ റഹ്‌മാന്‍ പറഞ്ഞു.

തനിക്ക് 26,000-ത്തിലധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍, പി. ടി. ഐ പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സെയ്ഫ് ബാരിക്ക് 31,000 വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News