ന്യൂഡൽഹി - ധം ബിരിയാണിയുടെ മാസ്റ്റർ ഷെഫ് എന്നറിയപ്പെടുന്ന പത്മശ്രീ പുരസ്‌കാര ജേതാവ് കൂടിയായ വിഖ്യാത ഇന്ത്യൻ പാചക വിദഗ്ധൻ ഇംതിയാസ് ഖുറേഷി (93) അന്തരിച്ചു. സെലിബ്രിറ്റി ഷെഫ് ആയ കുനാൽ കപൂറാണ് മരണ വിവരം സമൂഹമാധ്യമത്തിൽ അറിയിച്ചത്.
ഐ.ടി.സി ഹോട്ടൽ ശൃംഖലയുടെ പാചകകലയിലെ നെടുംതൂണായിരുന്ന ഇംതിയാസ് ഖുറേഷി ധം ബിരിയാണിയുടെ മികവിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗ്രാൻഡ് ട്രങ്ക് റോഡ് തന്തൂരി ഫ്രൂട്ട് ചാറ്റ്, വാർക്കി പരാത്ത തുടങ്ങിയവയും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞവയാണ്. പാചക കലയിൽ പത്മ പുരസ്‌കാരത്തിന് അർഹനാവുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
1928-ൽ കൊൽക്കത്തിയിലാണ് ജനനം. ഏഴാം വയസ്സിൽ തന്റെ കുടുംബത്തിലെ രാജകീയ പാചകക്കാരെ സഹായിച്ചാണ് പാചകയാത്ര ആരംഭിച്ചത്. രാഷ്ട്രപതിമാർക്കും പ്രധാനമന്ത്രിമാർക്കും വിദേശ രാഷ്ട്രത്തലവന്മാർക്കും ഉൾപ്പടെ ഭക്ഷണം പാകം ചെയ്തിട്ടുണ്ട്. എളിമയിലും വൃത്തിയിലും ഓരോ ചേരുവകളും വായിൽ വെള്ളമൂറുന്ന അതീവ രൂചിയിലും, ഹൃദയത്തിലും ആത്മാവിലും പ്രതിഫലിക്കുന്ന സുഗന്ധമുള്ള വിഭവങ്ങളാക്കാൻ അദ്ദേഹത്തിന് പ്രത്യേക കൈപ്പുണ്യമുണ്ടായിരുന്നുവെന്ന് അനുഭവസ്ഥർ അനുസ്മരിച്ചു.