മുംബൈ- പേടിഎം പേയ്‌മെന്റ് ബാങ്ക് (പിപിബിഎല്‍) നിയന്ത്രണങ്ങള്‍ക്കുള്ള സമയപരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മാര്‍ച്ച് 15 വരെ നീട്ടി. നേരത്തെ, നിയന്ത്രണങ്ങള്‍ക്കുള്ള സമയപരിധി ഫെബ്രുവരി 29 ആയിരുന്നു. മാര്‍ച്ച് 15 വരെ 15 ദിവസം കൂടി കേന്ദ്ര ബാങ്ക് പിപിബിഎല്ലിന് നല്‍കിയിട്ടുണ്ട്. നിക്ഷേപങ്ങള്‍, ക്രെഡിറ്റ് ഇടപാടുകള്‍, ഉപഭോക്തൃ അക്കൗണ്ടുകളിലെ ടോപ്പ്അപ്പുകള്‍. പങ്കാളി ബാങ്കുകളിലെ ഉപഭോക്തൃ നിക്ഷേപങ്ങള്‍ എന്നിവ തടസ്സമില്ലാതെ പിന്‍വലിക്കാന്‍ സൗകര്യമൊരുക്കാനും ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 31ന് പേടിഎം പേയ്‌മെന്റ് ബാങ്കില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് റിസര്‍വ് ബാങ്ക് നടപടി. ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് 15 വരെ നിക്ഷേപങ്ങള്‍, ക്രെഡിറ്റ് ഇടപാടുകള്‍, പ്രീപെയ്ഡ് സേവനങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ എന്നിവ നടത്താമെന്ന് ആര്‍ബിഐ അറിയിച്ചു.
'2024 മാര്‍ച്ച് 15ന് ശേഷം ഏതെങ്കിലും ഉപഭോക്തൃ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ മുതലായവയില്‍ കൂടുതല്‍ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ അനുവദിക്കില്ല- ആര്‍.ബി.ഐ പ്രസ്താവനയില്‍ പറഞ്ഞു.