കൊച്ചി- വീടിന്റെ ഇന്റീരിയർ ഡിസൈൻ വർക്കുകൾ നടത്തുന്നതിന് കരാർ എടുത്ത സ്ഥാപനം കരാർ ലംഘനം നടത്തിയതിന് 80,800 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇടപ്പള്ളി സ്വദേശി എം.ഡി വർഗീസിനാണ് വെണ്ണലയിൽ പ്രവർത്തിക്കുന്ന ബ്രൈറ്റ് മെയിന്റനൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടത്.
2021 ജനുവരിയിലാണ് വീടിന്റെ ഇന്റീരിയർ ഡെക്കറേഷൻ വർക്കുകൾക്കായി വർഗീസും കമ്പനിയുമായി കരാറിലേർപ്പെട്ടത്. ധാരണയായ വ്യവസ്ഥകൾ പ്രകാരം പണികൾ നടക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം, പൊടി, വീട്ടുപകരണങ്ങളുടെ സ്ഥാനം മാറ്റൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പരാതിക്കാരൻ 35,000 രൂപ വാടക നൽകി മറ്റൊരു വീട്ടിലേക്ക് താമസം മാറി.
32,750 രൂപ മുൻകൂറായി നൽകിയ ശേഷം 2021 ഫെബ്രുവരിയിൽ കമ്പനി പണികൾ ആരംഭിച്ചു. എന്നാൽ, കോവിഡ് സാഹചര്യം മൂലം പണികൾ വൈകി. ചുമതലപ്പെടുത്തിയ വർക്കുകൾ ചെയ്യാതെ മറ്റ് അധിക വർക്കുകൾ ചെയ്യുകയും കോവിഡിനെ മറയാക്കി ജോലി വൈകിപ്പിക്കുകയും ചെയ്തു.
പണി പൂർത്തിയാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും 2021 ഏപ്രിൽ മാസം പരാതിക്കാരൻ 3 ലക്ഷം രൂപ കൂടി നൽകുകയും ചെയ്തു. എന്നാൽ പണികൾ പൂർത്തിയാക്കാതെ കരാറുകാരൻ വീണ്ടും അധിക തുക ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ, പൂർത്തിയാകാത്ത പണികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ തുക മാത്രം നൽകുകയും കരാർ അവസാനിപ്പിക്കുകയും ചെയ്യാൻ പരാതിക്കാരന്റെ തീരുമാനിച്ചു. എന്നാൽ കരാറുകാരൻ കൃത്യമായി പണികൾ പൂർത്തീകരിക്കാനോ കണക്കുകൾ സമർപ്പിക്കാനോ തയാറാകാത്ത സാഹചര്യത്തിലാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
പണികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുകയും കൃത്യമായ കണക്കുകൾ ഉപഭോക്താവിന് സമർപ്പിക്കുകയും ചെയ്യാതിരുന്ന കരാറുകാരന്റെ നടപടി അധാർമിക വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു പ്രസിഡന്റും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ കോടതി വിലയിരുത്തി. കബളിപ്പിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവുമായി 80,800 രൂപ നൽകാൻ എതിർ കക്ഷികളായ ബ്രൈറ്റ് മെയിന്റനൻസ് കമ്പനിക്ക് കോടതി ഉത്തരവ് നൽകി.