ന്യൂദല്‍ഹി- എന്‍.ആര്‍.ഐ, പ്രവാസികള്‍ എന്നിവര്‍ക്കിടയിലുള്ള വിവാഹങ്ങളുടെ രജിസ്്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശവുമായി നിയമ കമ്മീഷന്‍. കമ്മീഷന്റെ 287 ാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2019 ലെ പ്രവാസി ഇന്ത്യക്കാരുടെ വിവാഹ രജിസ്‌ട്രേഷന്‍ ബില്ലില്‍ മാറ്റങ്ങള്‍ വരുത്താനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിയമ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് റിതു താജ് അവസ്തി, അംഗങ്ങളായ ജസ്റ്റിസ് കെ.ടി ശങ്കരന്‍, പ്രൊഫ. ഡോ. ആനന്ദ് പാലിവാള്‍, പ്രൊഫ. ഡി.പി., എക്‌സ് ഒഫീഷ്യോ അംഗം ഡോ രാജീവ് മണി, പാര്‍ട്ട് ടൈം അംഗങ്ങളായ എം കരുണാനിധി, പ്രൊഫ ഡോ രാക ആര്യ എന്നിവരാണ് എന്‍.ആര്‍.ഐകളുടേയും പ്രവാസി ഇന്ത്യക്കാരുടേയും വൈവാഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നിയമം എന്നപേരിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയില്‍ നടക്കുന്ന വഞ്ചനാപരമായ വിവാഹങ്ങളുടെ പ്രവണത കൂടിവരികയാണെന്നും ഇത് ആശങ്കജനകമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. തെറ്റായ ഉറപ്പുകള്‍, തെറ്റിദ്ധാരണകള്‍ മുതലായവയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിവാഹങ്ങള്‍, നിയമപരമായ പ്രതിവിധി പിന്തുടരാന്‍ ഇന്ത്യന്‍ പങ്കാളിക്ക് കഴിയാതെ വരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.