Sorry, you need to enable JavaScript to visit this website.

ഐ.എസ് സ്ഥാപകന്‍ ബഗ്ദാദിയുടെ വിധവ പറയുന്നു, അയാളും സംഘവും സ്ത്രീലമ്പടന്മാർ

ജിദ്ദ- കൊല്ലപ്പെട്ട ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദിയും അദ്ദേഹത്തിന്റെ പോരാളികളും സ്ത്രീലമ്പടന്മാരായിരുന്നുവെന്നും അവരുടെ നിയന്ത്രണത്തിലുള്ള 'ഖിലാഫത്ത്' സ്ത്രീകള്‍ക്കുവേണ്ടിയുള്ള കേന്ദ്രമാക്കിയെന്നും തുറന്നു പറഞ്ഞ് അദ്ദേഹത്തിന്റെ വിധവ. അല്‍ അറബിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അസ്മ മുഹമ്മദ് ഇക്കാര്യം പറഞ്ഞത്.
അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ നേതൃത്വത്തിലുള്ള സംഘം 2014ല്‍ ഇറാഖിന്റെയും അയല്‍രാജ്യമായ സിറിയയുടെയും ഭൂരിഭാഗവും നിയന്ത്രണത്തിലാക്കുകയും പ്രദേശം ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഭരിക്കുകയും ചെയ്തു. ലൈംഗിക അടിമത്തവും നിര്‍ബന്ധിത വിവാഹങ്ങളും ഉള്‍പ്പെടെ സ്ത്രീകളെ പലവിധത്തില്‍ ദുരുപയോഗം ചെയ്തുവെന്ന് ഇറാഖി അധികൃതരുടെ തടവിലുള്ള  അസ്മ മുഹമ്മദ് അഭിമുഖത്തില്‍ പറഞ്ഞു.

അല്‍ബഗ്ദാദി പത്തിലധികം യസീദി സ്ത്രീകളെ അടിമകളാക്കിയെന്നും ഒരു ഘട്ടത്തില്‍ 13 വയസ്സായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്നും അദ്ദേഹത്തിന്റെ വിധവ പറയുന്നു.
അല്‍ബാഗ്ദാദിയെയും സംഘടനയെയും നയിച്ചത് മനുഷ്യത്വത്തിന്റെ പരിധിക്കപ്പുറമുള്ള ആഗ്രഹങ്ങളാണെന്നും ഖിലാഫത്ത് പ്രഖ്യാപനത്തിന് ശേഷം തന്റെ ഭര്‍ത്താവ് ആഗ്രഹങ്ങള്‍ക്ക് പിറകെ ആയിരുന്നുവെന്നും അസ്മ പറഞ്ഞു.ഭര്‍ത്താവ് തന്റെ ഭരണകാലത്ത് 12 വയസ്സായ മകളെ 23 വയസ്സാ ഒരാള്‍ക്ക് വിവാഹം കഴിച്ചുകൊടുത്തുവെന്നും അവര്‍ പറഞ്ഞു.

കെയ്‌ല മുള്ളർ

അമേരിക്കന്‍ സഹായ പ്രവര്‍ത്തകയായ കെയ്‌ല മുള്ളറെ പിടികൂടി അല്‍ബാഗ്ദാദിയുടെ അടിമയായി തടവിലാക്കിയ ശേഷം ഒരിക്കല്‍ അവളെ കണ്ടിരുന്നതായും അസ്മ മുഹമ്മദ് സ്ഥിരീകരിച്ചു.

2017ല്‍, ജോര്‍ദാനിയന്‍ വ്യോമാക്രമണത്തില്‍ കെയ്‌ല മുള്ളര്‍ കൊല്ലപ്പെട്ടതായാണ് സംഘം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യവും സംശയാസ്പദമാണെന്ന് അസ്മ  മുഹമ്മദ് പറഞ്ഞു. അതേസമയം,  ഐ.എസ് നേതാവും മുള്ളറും തമ്മിലുള്ള  ബന്ധങ്ങളെ കുറിച്ചില്ലെന്നാണ് അവരുടെ മറുപടി.  അല്‍ബാഗ്ദാദി മുള്ളറെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തതായി നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
2017ല്‍ ഇറാഖിലും രണ്ട് വര്‍ഷത്തിന് ശേഷം സിറിയയിലും അമേരിക്കയുടെ പിന്തുണയുള്ള സൈന്യമാണ് ഐഎസിനെ പരാജയപ്പെടുത്തിയത്. 2019ല്‍, വടക്കുപടിഞ്ഞാറന്‍ സിറിയയില്‍  അല്‍ബാഗ്ദാദിയെ വധിച്ചതായും യു.എസ് പ്രഖ്യാപിച്ചു.

 

 

Latest News