Sorry, you need to enable JavaScript to visit this website.

ദൗത്യസേനയ്ക്കു പിടികൊടുക്കാതെ ബേലൂര്‍ മഖ്ന

മാനന്തവാടി- പയ്യമ്പള്ളി ചാലിഗദ്ദയില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെ കര്‍ഷകന്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ മോഴ ബേലൂര്‍ മഖ്നയെ മയക്കുവെടിവെച്ച പിടിക്കാനുള്ള  ദൗത്യസേനയുടെ ശ്രമം ഏഴാം ദിവസവും വിജയിച്ചില്ല. 

മയക്കുവെടി പ്രയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ആനയെ കണ്ടുകിട്ടാത്തതാണ് ദൗത്യത്തിനു വിഘാതമായത്. വെള്ളിയാഴ്ച പുലര്‍ച്ചെ പനവല്ലി എമ്മഡി വനത്തിലാണ് മോഴയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. രാവിലെ ഏഴോടെ ദൗത്യസേന 10 സംഘങ്ങളായി തിരിഞ്ഞ് എമ്മഡി വനത്തിലേക്ക് തിരിച്ചു. മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയും കര്‍ണാടകയില്‍ നിന്നെത്തിയ 25 വനപാലകരും ഉള്‍പ്പെടുന്നതായിരുന്നു ദൗത്യസംഘം. 

ഉച്ചവരെ എമ്മഡി വനത്തിലായിരുന്ന ആന പിന്നീട് പുഴ കടന്ന് ചെമ്പകമൂല ഭാഗത്തേക്ക് നീങ്ങി. കുറ്റിക്കാട് നിറഞ്ഞ പ്രദേശത്താണ് ആന നിലയുറപ്പിച്ചത്. വൈകുന്നേരമായിട്ടും ആന തുറസായ ഭാഗത്ത് എത്താത്ത സാഹചര്യത്തില്‍ ദൗത്യം താത്കാലികമായി നിര്‍ത്തിവെച്ച് സേന മടങ്ങുകയായിരുന്നു. 

മോഴ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് പ്രതിരോധിക്കുന്നതിന് നൈറ്റ് പട്രോളിംഗിന് വനം വകുപ്പിന്റെ 13 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പോലീസ് പട്രോളിംഗും ഉണ്ട്. ആനയുടെ നീക്കം സാറ്റലൈറ്റ് സിഗ്നല്‍ ഉപയോഗിച്ചു നിരീക്ഷിക്കുന്നുണ്ട്.

Latest News