Sorry, you need to enable JavaScript to visit this website.

സൗദി, തുര്‍ക്കി നിക്ഷേപ ഫോറത്തില്‍ 28 ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന സൗദി, തുര്‍ക്കി നിക്ഷേപ ഫോറത്തില്‍ പങ്കെടുത്ത സൗദി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ്, തുര്‍ക്കി ട്രഷറി, ധനമന്ത്രി മുഹമ്മദ് ഷിംഷിക്, തുര്‍ക്കി ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ അഹ്മദ് ബുറാക് ദലേഗ്‌ലു എന്നിവര്‍.

ഇസ്താംബൂള്‍- തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഇന്നലെ നടന്ന സൗദി, തുര്‍ക്കി നിക്ഷേപ ഫോറത്തിനിടെ 28 ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. തുര്‍ക്കിയില്‍ സ്‌കൂള്‍ പുനരുദ്ധാരണ പദ്ധതികള്‍ക്ക് സൗദി ഡെവലപ്‌മെന്റ് ഫണ്ടും തുര്‍ക്കി ട്രഷറി, ധനമന്ത്രാലയവും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. തുര്‍ക്കിയിലെ സ്‌കൂളുകളില്‍ ഭൂകമ്പ അപകട സാധ്യത ലഘൂകരണ പദ്ധതി നടപ്പാക്കാനാണ് സൗദി ഡെവലപ്‌മെന്റ് ഫണ്ടും തുര്‍ക്കി ട്രഷറി, ധനമന്ത്രാലയവും ധാരണാപത്രം ഒപ്പുവെച്ചത്. കരാര്‍ പ്രകാരം പദ്ധതി നടപ്പാക്കാന്‍ സൗദി ഫണ്ട് അഞ്ചര കോടി ഡോളറിന്റെ ലഘുവായ്പ നല്‍കും. 1979 ല്‍ സൗദി ഡെവലപ്‌മെന്റ് ഫണ്ട് ധനസഹായത്തോടെ തുര്‍ക്കിയില്‍ ഒമ്പതു വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഈ പദ്ധതികള്‍ക്ക് ആകെ 30 കോടി ഡോളറിന്റെ ലഘുവായ്പകളാണ് ഫണ്ട് നല്‍കിയത്.
മാനവശേഷി മൂലധനം, ഇന്നൊവേഷന്‍, ടൂറിസം, ജീവിത ഗുണനിലവാരം എന്നീ മേഖലകളില്‍ പരസ്പര സഹകരണത്തിന് സൗദി നിക്ഷേപ മന്ത്രാലയം തുര്‍ക്കിയിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി രണ്ടു ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ശേഷിക്കുന്ന ധാരണാപത്രങ്ങള്‍ നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, വ്യവസായം, ഹോസ്പിറ്റാലിറ്റി, തൊഴില്‍ പരിശീലനം, ധനസേവനങ്ങള്‍, ഗെയിമുകള്‍, ലോജിസ്റ്റിക്‌സ് സര്‍വീസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടെലികോം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകള്‍ തമ്മിലാണ് ഒപ്പുവെച്ചത്.
സൗദി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ്, തുര്‍ക്കി ട്രഷറി, ധനമന്ത്രി മുഹമ്മദ് ഷിംഷിക്, തുര്‍ക്കി ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ അഹ്മദ് ബുറാക് ദലേഗ്‌ലു എന്നിവരും ഇരു രാജ്യങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ മേഖലാ ഉദ്യോഗസ്ഥരും പ്രതിനിധികളും ഫോറത്തില്‍ പങ്കെടുത്തു. സാമ്പത്തിക, വാണിജ്യ, നിക്ഷേപ, ടൂറിസം മേഖലകളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും സൗദിയിലെയും തുര്‍ക്കിയിലെയും നിക്ഷേപാവസരങ്ങളും ബിസിനസ് അന്തരീക്ഷവും ഫോറത്തിനിടെ സൗദി, തുര്‍ക്കി മന്ത്രിതല കമ്മിറ്റി സെഷനില്‍ വിശകലനം ചെയ്തു.
സൗദിയിലെയും തുര്‍ക്കിയിലെയും നിക്ഷേപാവസരങ്ങള്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസുരക്ഷ, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നീ മേഖലകളിലെ നിക്ഷേപാവസരങ്ങള്‍, പൊതു, സ്വകാര്യ മേഖലകള്‍ തമ്മിലെ പങ്കാളിത്ത അവസരങ്ങള്‍ എന്നിവ വിശദീകരിക്കുന്ന അവതരണങ്ങള്‍ ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഫോറത്തില്‍ നടത്തി.

 

 

Latest News