ന്യൂഡൽഹി - രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച് നിർണായകമായ രണ്ടു തരിച്ചറിയൽ രേഖകളാണ് ആധാർ കാർഡും പാൻ കാർഡും. പൊതുവെ എല്ലാ കാര്യങ്ങൾക്കുമെന്നോണം തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉപയോഗിക്കുമ്പോൾ സാമ്പത്തിക രേഖയാണ് പാൻ കാർഡ്.
ഇവ രണ്ടും പരസ്പരം ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പ് മുമ്പും മുന്നറിയിപ്പുകൾ നൽകിയതാണ്. ഇതനുസരിച്ച് 2023 ജൂൺ 30-നകം ഇവ ബന്ധിപ്പിക്കാത്ത ഉപയോക്താക്കൾക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്. ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നും ആയിരം രൂപ ഫൈൻ അടച്ച് പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാമെന്നും ആദായനികുതി വകുപ്പ് ഓർമിപ്പിച്ചു. ഒപ്പം ഇവ ബന്ധിപ്പിക്കാത്തവരുടെ ടി.ഡി.എസിൽ 19 ശതമാനം വർധനവും വരുത്തിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും ഇഫയലിംഗ് പോർട്ടൽ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാനാവും.
അരക്കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള ഏതൊരു വസ്തുവും വിൽക്കുമ്പോൾ ഒരു ശതമാനം ടി.ഡി.എസ് സർക്കാരിൽ അടക്കേണ്ടതുണ്ട്. എന്നാൽ, ആധാർ-പാൻ ലിങ്ക് ചെയ്യാത്തവർ ഇനി മുതൽ 20 ശതമാനം തുക അടക്കേണ്ടി വരും. പാൻ കാർഡ് ആക്ടീവല്ലെങ്കിൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലയളവിലെ റീഫണ്ടിനു പലിശയും കിട്ടില്ല. ടി.ഡി.എസ്, ടി.സി.എസ് നികുതികൾ ഉയർന്ന നിരക്കിൽ ഈടാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.