പട്‌ന- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വേണ്ടി വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. നിതീഷ് കുമാര്‍ സഖ്യം വിട്ടതിന് ശേഷം ആദ്യമായാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥികളായ മനോജ് ഝായുടെയും സഞ്ജയ് യാദവിന്റെയും ഒപ്പം പോകുകയായിരുന്നു ലാലു. രണ്ട് വര്‍ഷം മുമ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ തന്നെയാണ് ലാലു പ്രസാദ് യാദവ്.
മകനും അനന്തരാവകാശിയുമായ തേജസ്വി യാദവിന് ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമാകാന്‍ നിതീഷ് കുമാറിന്റെ മാറ്റം കാരണമായ സാഹചര്യത്തില്‍ ഇനിയും അനുരഞ്ജനത്തിന് തയ്യാറാണോ എന്ന ചോദ്യത്തിന്, തിരികെ വരട്ടെ അപ്പോള്‍ കാണാം എന്നാണ് ലാലു മറുപടി പറഞ്ഞത്. 1970കളിലെ വിദ്യാര്‍ഥി നേതാക്കളായിരുന്ന കാലം മുതലുള്ള ബന്ധമാണ് ഇരുവരുടേയും.