Sorry, you need to enable JavaScript to visit this website.

ജീവനക്കാരുടെ അവകാശങ്ങൾ കവരുന്നതിനെതിരെ അസെറ്റ് പ്രക്ഷോഭ സമ്മേളനം നാളെ

തിരുവനന്തപുരം - സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും അപകാശങ്ങൾ കവർന്നെടുക്കുന്നതിരെ അസോസിയേഷൻ ഫോർ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ്  (അസെറ്റ്) ന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രക്ഷോഭ സമ്മേളനം നടത്തും. സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. എഫ്.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി എം. ജോസഫ് ജോൺ മുഖ്യാതിഥിയാകും.

ക്ഷാമബത്ത, ലീവ് സറണ്ടർ എന്നിവ നിഷേധിച്ച് ജീവനക്കാരുടെയും അധ്യാപകരുടെയും സാമ്പത്തിക ആനുകൂല്യങ്ങൾ സർക്കാർ കവർന്നെടുക്കുകയാണ്. പങ്കാളിത്ത പെൻഷനിൽനിന്നുള്ള പിൻമാറ്റം തികഞ അനിശ്ചിതത്വത്തിലാണ്. മെഡിസെപ്പ് എന്ന പേരിൽ പണം പിരിക്കുന്നു എന്നതല്ലാതെ ഒരു സമഗ്ര ആരോഗ്യ പരിരക്ഷാ സംവിധാനം ഒരുക്കാൻ സർക്കാറിനായിട്ടില്ല. 2024 ൽ നൽകേണ്ട പുതിയ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ആലോചന പോലും സർക്കാർ തുടങ്ങിയിട്ടില്ല. ഇപ്രകാരം ജീവനക്കാരുടെയും അധ്യാപകരുടെയും സേവന വേതന വ്യവസ്ഥകൾ അട്ടിമറിക്കപ്പെട്ട കാലയളവ് ഉണ്ടായിട്ടില്ല. ഇതിനെതിരായ ചെറുത്ത് നിൽപ്പിന്റെയും പോരാട്ടത്തിന്റെയും പുതിയ തുടക്കമാണ് പ്രക്ഷോഭ സമ്മേളനം.
പ്രക്ഷോഭ സമ്മേളനത്തിൽ കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സി.പി. രഹ്ന ടീച്ചർ, കേരള സ്‌റ്റേറ്റ് എംപ്ലോയീസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് വി. അനസ്, ഹയർ എജുക്കേഷൻ ടീച്ചേഴ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. സതീഷ് കുമാർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് മൂവ്‌മെന്റ് പ്രസിഡന്റ് അബ്ദുറസാക്ക്, എസ്. കമറുദ്ദീൻ, ബഷീർ വല്ലപ്പുഴ, ഹനീഫ കെ, എം.കെ. ആസിഫ് തുടങ്ങിയവർ പ്രസംഗിക്കും. 

പ്രക്ഷോഭ സമ്മേളനത്തിന് മുന്നോടിയായി രാവിലെ 10.30 ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രകടനം നടത്തും.
 

Latest News