ഇസ്ലാമാബാദ്-ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീവിയുടെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടി ഗുരുതരമായ ആരോപണം ഉന്നയിച്ചു. പാകിസ്ഥാനിലെ ഫാസിസ്റ്റ് ഭരണകൂടം അവര്‍ക്ക് ചികിത്സ നിഷേധിക്കുകയാണെന്നും ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്നും തെഹരീകെ ഇന്‍സാഫ് പാര്‍ട്ടി ആരോപിച്ചു.
തോഷഖാന അഴിമതി കേസില്‍ ദമ്പതികളെ അക്കൗണ്ടബിലിറ്റി കോടതി
കഴിഞ്ഞ മാസം 14 വര്‍ഷം തടവിന് ശിക്ഷിച്ചതിനെത്തുടര്‍ന്ന് 49 കാരിയായ ബുഷ്‌റ ബീവി ഇമ്രാന്‍ഖാന്റെ ബാനി ഗാല വസതിയില്‍ തടവിലാണ്.
റാവല്‍പിണ്ടിയിലെ അതീവ സുരക്ഷയുള്ള അഡിയാല ജയിലിലാണ് 71 കാരനായ ഇമ്രാന്‍ ഖാനെ പാര്‍പ്പിച്ചിരിക്കുന്നത്. തോഷഖാന സമ്മാനക്കേസിനു പുറമെ, ഇദ്ദ പാലിക്കാത്തതിനാല്‍ വിവാഹം അനിസ്ലാമികമാണെന്ന് പ്രഖ്യാപിച്ച കേസിലും തടവിന് ശിക്ഷിക്കപ്പെട്ടവരാണ് ഇരുവരും.
തന്റെ വസതി സബ്ജയിലായി പ്രഖ്യാപിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ഫെബ്രുവരി ആറിന് ബുഷ്‌റ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ അഡിയാല ജയിലിലേക്ക് മാറ്റാനും അഭ്യര്‍ത്ഥിച്ചു.
ബുഷ്‌റയുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും പാര്‍ട്ടിയുടെ ലീഗല്‍ കോര്‍ഡിനേറ്റര്‍ മഷാല്‍ യൂസഫ്‌സായി പറഞ്ഞു.
ടുത്ത അനീതിയാണ് നടക്കുന്നത്, ഉന്നത കോടതികള്‍ ഇടപെടണമെന്നും
പാര്‍ട്ടിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ പിന്‍ ചെയ്ത പോസ്റ്റില്‍ പറഞ്ഞു.
തനിക്ക് ദോഷകരമായ ഭക്ഷണം കഴിക്കാന്‍ നല്‍കിയതായി ബുഷ്‌റ വെളിപ്പെടുത്തിയ കാര്യം ബുഷ്‌റയുടെ വക്താവ് കൂടിയായ യൂസുഫ്‌സായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ ആവര്‍ത്തിച്ചു. ഭക്ഷണത്തില്‍ ആസിഡിനോട് സാമ്യമുള്ള ദ്രാവകം ചേര്‍ത്തുവെന്നും കഠിനമായ വേദനയുണ്ടായെന്നും ബുഷ്‌റ ബീവി ആരോപിച്ചിരുന്നു. ജീവന് ഗുരുതരമായ ഭീഷണിയുണ്ട്. എത്രയും വേഗം വൈദ്യപരിശോധന നടത്തണം-അഭിഭാഷകന്‍ പറഞ്ഞു. ബുഷ്‌റയുടെ മകള്‍, മരുമകന്‍, ഖാന്റെ രണ്ട് സഹോദരിമാരായ ഹലീമ, ഉസ്മ എന്നിവും ആവശ്യം ഉന്നയിച്ചു. ലത്തീഫ് ഖോസ, ബാരിസ്റ്റര്‍ സല്‍മാന്‍ സഫ്ദാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് അഭിഭാഷകരെങ്കിലും ബുഷ്‌റ ബീവിയെ വസതിയില്‍ സന്ദര്‍ശിച്ചു.
പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഒരാഴ്ച പിന്നിട്ടെങ്കിലും സര്‍ക്കാര്‍ നിലവില്‍ വന്നിട്ടില്ല.