മോസ്‌കോ- റഷ്യൻ പ്രസിഡന്റ് വ്ളാദമിർ പുടിന്റെ എക്കാലത്തെയും കടുത്ത വിമർശകനും റഷ്യയിലെ പ്രധാനപ്പെട്ട പ്രതിപക്ഷ നേതാവുമായ അലക്‌സി നവൽനി ജയിലിൽ മരിച്ചു. ആർട്ടിക് സർക്കിളിനുള്ളിലെ ജയിലിലാണ് മരണം സംഭവിച്ചത്.
പ്രസിഡന്റ് വ്ളാദമിർ പുടിന്റെ വിമർശകനായ നവൽനി 19 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹത്തെ ജയിലിലാക്കിയത് എന്ന് പരക്കെ ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം അവസാനമാണ് അദ്ദേഹത്തെ ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി കണക്കാക്കുന്ന ആർട്ടിക് പീനൽ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ പ്രഭാതനടത്തത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. ബോധക്ഷയം വന്ന നാവൽനിയെ പരിചരിക്കാൻ ഉടൻ ഡോക്ടർമാർ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അലക്‌സി നവൽനിയെ തങ്ങൾ ജയിലിൽ വച്ച് കൊലപ്പെടുത്തിയതായി റഷ്യൻ അധികൃതർ കുറ്റസമ്മതം നടത്തിയെന്നും അത് സ്ഥിരീകരിക്കാനോ തെളിയിക്കാനോ ഞങ്ങൾക്ക് ഒരു മാർഗവുമില്ലെന്നും അദ്ദേഹത്തിന്റെ അടുത്ത സഹായി ലിയോനിഡ് വോൾക്കോവ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.