Sorry, you need to enable JavaScript to visit this website.

VIDEO - കേരളത്തിലെ ആദ്യ ഓട്ടുകമ്പനി ഓർമയായി

കോഴിക്കോട് - കാലത്തിന്റെ മുദ്രകൾ അടയാളപ്പെടുത്തിയ ഫറോക്കിലെ ദി കാലിക്കറ്റ് ടൈൽ കമ്പനി ചരിത്രമായി. കേരളത്തിൽ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും മേൽക്കൂരകളിൽ വിപ്ലവം തീർത്ത ഓട്ടുകമ്പനിയാണിത്. 
 അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ബിസ്‌നസ്സ് തളർച്ചയുമാണ് കമ്പനിയുടെ മരണമണിക്ക് ആക്കം കൂട്ടിയത്. ഇതോടെ, കേരളത്തിലെ ആദ്യ ഓട്ടുകമ്പനിയും ഇന്ത്യയിലെ ആദ്യ മെഷീൻ ഓട്ടുകമ്പനിയുമാണ് ഓർമയായത്.
 വിവിധ പൈതൃക ടൂറിസം പദ്ധതികൾക്കായി സർക്കാർ ലക്ഷങ്ങളും കോടികളും ആസൂത്രണം ചെയ്യുമ്പോഴാണ് ഒരു കാലഘട്ടത്തിന്റെ മുദ്രകൾ പേറുന്ന തൊഴിൽ സംസ്‌കാരത്തിന്റെ ഓർമകൾ മറവിയിലേക്ക് മായുന്നത്.
 എമ്പാടും പ്രതിസന്ധിയുണ്ടെങ്കിലും ഈ ചൂളയിൽ തീ കത്തുമ്പോഴാണ് നൂറുകണക്കിന് കുടിലുകളിൽ വിശപ്പ് മാറിയിരുന്നത്. ജലമാർഗവും കരമാർഗവും എളുപ്പത്തിൽ എത്താവുന്ന ഇടങ്ങളിലാണ് ഓട്ടുകമ്പനികൾ. ഫറോക്ക്, കല്ലായ്, ചെറുവണ്ണൂർ, ചാലിയാർ പരിസരങ്ങളിൽ ഒട്ടേറെ ഒട്ടുകമ്പനികളാണ് പ്രവർത്തിച്ചത്. ഇതിൽ പലതും കടുത്ത പ്രതിസന്ധിയിൽ അടച്ചുപൂട്ടി. ചിലത് കടുത്ത വെല്ലുവളികളിലും കിതച്ച് മുന്നോട്ടുള്ള ചൂളം വിളിയിലാണ്.

 പതിറ്റാണ്ടുകളുടെയും നൂറ്റാണ്ടിന്റെയും ചരിത്രമാണ് പല ഓട്ടുക്കമ്പനികൾക്കും പറയാനുള്ളത്. കേരളത്തിലെ വീടുകളുടെ മേൽക്കൂരകളിൽ വിപ്ലവം തീർത്തതിൽ ഈ ഫാക്ടറികൾക്കുള്ള പങ്ക് ചെറുതല്ല. പുല്ലും ഓലയും മേഞ്ഞ വീടുകൾ ഓടിട്ടപ്പോഴും ഇപ്പോൾ കൂറ്റൻ ടെറസുകൾക്കു വഴി മാറിയപ്പോഴും ചൂടകറ്റാൻ ഓടുകളിൽതന്നെ പുതിയ കാലം അഭയം കണ്ടെത്തിയിരുന്നു. എന്നാൽ, എ.സിയുടെ വരവോടെ ചൂട് കുറയ്ക്കാൻ ഓടിൽനിന്ന് വലിയൊരു വിഭാഗം വഴിമാറി. അപ്പോഴും കോൺഗ്രീറ്റ് ചോർച്ചകളിൽനിന്ന് അഭയം കണ്ടെത്താൻ പലരും ഓടിലേക്കു തന്നെ എത്തുകയുമുണ്ടായി.
  അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കളിമൺ ഓടുകൾക്ക് ആവശ്യക്കാർ കുറയുകയും ചെയ്തത് ഈ മേഖലയിൽ പ്രതിസന്ധിയുണ്ടാക്കി. കുറഞ്ഞ ചെലവിൽ മണ്ണ് ലഭിക്കാത്തതും ചൈനയിൽനിന്ന് അടക്കം ഓടുകളുടെ ഇറക്കുമതി കൂടിയതുമുൾപ്പെടെയുള്ള വിവിധ വിഷയങ്ങളും ഈ മേഖലയിലെ പ്രതിസന്ധി കൂട്ടി. നല്ല ഓടിന് നല്ല പശിമയുള്ള മണ്ണ് വേണം. എന്നാൽ മണ്ണെടുപ്പ് ലോബികൾ ഉയർന്ന വില ഈടാക്കുന്നതും മണ്ണെടുപ്പിനുള്ള സർക്കാർ തണ്ണീർത്തട സംരക്ഷണ നിയമം ഉൾപ്പെടെ വിവിധ പ്രശ്‌നങ്ങളും നടത്തിപ്പ് കൂടുതൽ സങ്കീർണമാക്കി.
 മുമ്പ് ഫറോക്കിൽനിന്നും മറ്റും തോണികളിൽ നിരനിരയായി ബേപ്പൂർ തുറമുഖത്തേക്ക് ഓടുകൾ നീങ്ങിയിരുന്നെങ്കിൽ ഇന്ന് കയറ്റുമതി തന്നെ ഇല്ലാതെ, ഇറക്കുമതിയിലേക്ക് കാര്യങ്ങളെത്തി. മുമ്പ് ഭൂട്ടാൻ, ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂർ തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങളിലേക്ക് ഫറോക്കിൽനിന്ന് ഓടുകൾ കയറ്റി അയച്ചെങ്കിൽ ഇന്ന് അവിടുത്തുകാർക്കെല്ലാം അതിനേക്കാൾ വിലക്കുറവിൽ വിവിധ സെറാമിക് ഓടുകളും മറ്റും ലഭ്യമായതും മാർക്കറ്റിനെ പ്രതികൂലമായി ബാധിച്ചു. ഓട് വ്യവസായത്തെ പരമ്പരാഗത വ്യവസായമായി പ്രഖ്യാപിക്കാത്തതും സംഘടിത വ്യവസായത്തിന്റെ ഗണത്തിൽ പെടുത്താത്തതും പലപ്പോഴും തിരിച്ചടിയുണ്ടാക്കിയതായും തൊഴിലാളികളും ഉടമകളും പറയുന്നു.
 ബ്രിട്ടീഷ് ഭരണകാലത്താണ് കാലിക്കറ്റ് ടൈൽ കമ്പനി കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ സ്ഥാപിതമായത്. കേരളത്തിലെ ആദ്യ ഓട്ടുകമ്പനിയും ഇന്ത്യയിലെ ആദ്യ മെഷീൻ ഓട്ടുകമ്പനിയുമാണിതെന്ന് പഴമക്കാർ പറയുന്നു. 1878-ൽ ഫറോക്ക് ചാലിയാറിന്റെ തീരത്ത് നടരാജ മുതലിയാരാണ് കമ്പനി സ്ഥാപിച്ചത്. ഇതേവരെയായി മൂന്ന് മാനേജ്‌മെന്റുകളാണ് കമ്പനി നടത്തിക്കൊണ്ടുപോയത്. ഒരുകാലത്ത് റാണിമാർക്ക് ഓട് അച്ചിൽനിന്ന് അടക്കം പ്രവർത്തിപ്പിച്ച കമ്പനി ഏറ്റവും അവസാനം ക്വീൻസ് എന്ന ബ്രാൻഡിൽ ഓടുൾപ്പെടെ ആറോളം ഉൽപ്പന്നങ്ങളാണ് നിർമിച്ച് വിപണിയിലെത്തിച്ചത്. എട്ട് പ്രസ്സുകളും രണ്ട് ചൂളകളുമുള്ള കമ്പനിയിൽ 60 ലക്ഷം ഓടുകൾ വരെ നിർമിച്ചിരുന്നു. ഒരുകാലത്ത് ഏറ്റവും മികച്ച കമ്പനിയായി അറിയപ്പെട്ട സ്ഥാപനത്തിൽ 300-ഓളം തൊഴിലാളികളുണ്ടായിരുന്നു. ഇനി എല്ലാം ഓർമകൾ മാത്രം.
 ഒട്ടേറെ സമരങ്ങളും ചർച്ചകളും ലോക്കൗട്ടുകളും കടന്നാണ് കമ്പനിക്ക് അന്തിമ താഴിട്ടത്. പുതുതലമുറ ഈ മേഖലയിലേക്ക് കാര്യമായി വന്നില്ലെങ്കിലും തൊഴിൽ നഷ്ടമായവരിൽ ഏറെയും കുടുംബം പുലർത്തുന്ന നാൽപ്പത് വയസ്സിന് മുകളിലുള്ള ഗൃഹനാഥന്മാർക്കാണ്. വാണിജ്യ-ടൂറിസം രംഗത്ത് നവസാധ്യതകൾ ഉപയോഗപ്പെടുത്തി ഓടുവ്യവസായത്തെയും പരമ്പരാഗത തൊഴിലാളികളുടെയും സംരക്ഷണത്തിന് സർക്കാർ പുതിയ കർമപദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.

Latest News