സന്‍ആ - ഏദന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് കപ്പലിന് നേരെ നിരവധി മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി സംഘം ഏറ്റെടുത്തു.
'ലികാവിറ്റോസ് എന്ന ബ്രിട്ടീഷ് കപ്പലിന് എതിരെ ഞങ്ങള്‍ ഒരു സൈനിക ഓപ്പറേഷന്‍ നടത്തി, അത് ഏദന്‍ ഉള്‍ക്കടലില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം. -ഹൂതി സൈനിക വക്താവ് യഹ്യ സരിയ അല്‍-മസിറ സാറ്റലൈറ്റ് ടിവി ചാനല്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
ഹൂത്തികള്‍ നിരവധി മിസൈലുകള്‍ വിക്ഷേപിച്ചു, അത് 'നേരിട്ട് കൃത്യമായും' കപ്പലില്‍ ഇടിച്ചു, സരിയയെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബാര്‍ബഡോസ് പതാക ഘടിപ്പിച്ച കപ്പല്‍ ലൈകാവിറ്റോസ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏദന്റെ കിഴക്ക് ഭാഗത്തേക്ക് പോകുമ്പോള്‍ മിസൈല്‍ ആക്രമണം നടത്തിയതായി പേര് വെളിപ്പെടുത്താത്ത യെമന്‍ സര്‍ക്കാര്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡീസല്‍ ജനറേറ്ററിന്റെ പൈപ്പില്‍ തട്ടി കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും ഡീസല്‍ ചോര്‍ച്ചക്ക് കാരണമായതായും പ്രാഥമിക വിവരം സൂചിപ്പിക്കുന്നു. സംഭവത്തില്‍ എല്ലാ ക്രൂ അംഗങ്ങള്‍ക്കും പരിക്കില്ല.
ഏദനില്‍നിന്ന് 85 നോട്ടിക്കല്‍ മൈല്‍ കിഴക്ക് സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചതായി യു.കെ മാരിടൈം ഓപ്പറേഷന്‍സ് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചു. കപ്പല്‍ അടുത്ത തുറമുഖത്തേക്ക് പോയതായും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും കപ്പലിന്റെ ക്യാപ്റ്റന്‍ അറിയിച്ചു.