ന്യൂദല്‍ഹി- രാജ്യ തലസ്ഥാനത്ത് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഖാഇദേ മില്ലത്ത് സെന്ററിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ പേരില്‍ ഇന്ന് ഡല്‍ഹിയില്‍ രജിസ്‌ട്രേഷന്‍ നടന്നു, പാര്‍ട്ടി നേതാക്കളായ പ്രൊ. ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസമദ് സമദാനി എം.പി തുടങ്ങിയ മുസ്ലിം ലീഗിന്റെ നേതാക്കള്‍ പങ്കെടുത്തു.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി കുറം അനീസ് ഉമര്‍,മുസ്ലിം ലീഗ് ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മൗലാന നിസാര്‍ അഹമ്മദ്, സെക്രട്ടറി ഫൈസല്‍ ഷെയ്ക്ക്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദ് ഹലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയശേഷം മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു...
പ്രിയപ്പെട്ട മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരേ,
സംഘടനാ ചരിത്രത്തിലെ സുവര്‍ണതിളക്കമായി
ഖാഇദേ മില്ലത്ത് സെന്ററിന്റെ ഉടമസ്ഥാവകാശം ഇന്ന് ഡല്‍ഹിയിലെ ആസഫലി റോഡ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് പ്രിയപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിലേക്ക് ചേര്‍ത്തെഴുതിയതോട് കൂടി ഡല്‍ഹിയില്‍ മുസ്ലിം ലീഗ് പാര്‍ട്ടിക്ക് ഒരു ആസ്ഥാനം എന്ന മഹത്തായ സ്വപ്നത്തെ നമ്മള്‍ സാധ്യമാക്കിയിരിക്കുകയാണ്.
ഈ സുന്ദര മുഹൂര്‍ത്തത്തില്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കുന്നു. നിങ്ങളുടെ ഹൃദയതുടിപ്പുകള്‍ കേള്‍ക്കുന്നു. ഈ അഭിമാനം, സന്തോഷം നിങ്ങളുടേത് കൂടിയാണ്. നിങ്ങളുടെ പിന്തുണ തന്ന കരുത്ത്, ഉപാധികളില്ലാത്ത സ്‌നേഹം, ലാഭേച്ചയില്ലാത്ത നിതാന്ത പരിശ്രമങ്ങള്‍ അതൊന്ന് മാത്രമാണ് നമ്മെ ഈ സ്വപ്ന നേട്ടത്തിലേക്ക് കൊണ്ടെത്തിച്ചത്.
നമുക്കിനിയും മുന്നോട്ട് പോകാനുണ്ട്. അഭിമാനത്തോട് കൂടി തലയുയര്‍ത്തി പിടിച്ച് തന്നെ നമ്മള്‍ ഈ രാജ്യത്ത് ജീവിക്കും.പുതിയ കാലത്തേക്ക് നമുക്ക് കൂടുതല്‍ വിഭവങ്ങള്‍ ഒരുക്കാനുണ്ട്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ കണ്ണിലെ പ്രതീക്ഷയുടെ തിളക്കത്തിന് നമ്മള്‍ കാവലാകേണ്ടതുണ്ട്. അതിന് നമ്മുടെ അസ്തിത്വത്തെ ഇല്ലാതാക്കാന്‍ കോപ്പ് കൂട്ടുന്നവരുടെ മുന്നില്‍ ഡല്‍ഹിയുടെ വിരിമാറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആസ്ഥാന മന്ദിരം നിലമൊരുക്കട്ടെ. നമുക്ക് കൂടുതല്‍ കരുത്തോടെ മുന്നോട്ട് നടക്കാം.