ലോക്സഭയില്ലെങ്കില്‍ രാജ്യസഭ; പിന്‍മാറാതെ മുസ്ലിം ലീഗ്

മലപ്പുറം-ഇത്തവണ മൂന്നാമതൊരു ലോക്സഭാ സീറ്റ് കിട്ടില്ലെങ്കില്‍ ഒരു രാജ്യസഭാ സീറ്റ് കൂടി നല്‍കണമെന്ന നിലപാടില്‍ മുസ്ലിം ലീഗ്.യു.ഡി.എഫില്‍ ഇക്കാര്യം ഉന്നയിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന.കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിന് വേണ്ടി യു.ഡി.എഫിലെ ഘടകകക്ഷികള്‍ മല്‍സരിക്കുമ്പോള്‍ മുസ്ലിം ലീഗും ആവശ്യവുമായി മുന്നിലുണ്ട്.
നേരത്തെ ജോസ് കെ മാണിക്ക് നല്‍കിയിരുന്ന സീറ്റിലാണ് ഇപ്പോള്‍ ഒഴിവു വരുന്നത്.ജോസ് കെ.മാണി യു.ഡി.എഫ് വിട്ടതോടെ ഈ സീറ്റില്‍ മല്‍സരിക്കാന്‍ മുന്നണിയിലെ ഘടനകക്ഷികള്‍ നോട്ടമിടുന്നുണ്ട്.കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സീറ്റിന് പുറകെയുണ്ട്.
നിലവില്‍ കേരളത്തില്‍ നിന്ന് മുസ്ലിം ലീഗിന് രാജ്യസഭാംഗമായി പി.വി അബ്ദുള്‍ വഹാബ് ആണുള്ളത്.അദ്ദേഹത്തിന് 2027 വരെ കാലാവധിയുണ്ട്.ഇക്കാര്യം കോണ്‍ഗ്രസ് മുസ്ലിം ലീഗിനെ ഓര്‍മ്മിപ്പിച്ചിട്ടുമുണ്ട്.എന്നാല്‍ ലോക്സഭയില്‍ മൂന്നാമതൊരു സീറ്റിന്റെ കാര്യത്തില്‍ തഴയുകയാണെങ്കില്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്ന നിലപാടിലാണ് ലീഗ് ഉള്ളത്.
ലോക്സഭയിലേക്ക് കണ്ണൂര്‍ സീറ്റിലാണ് മുസ്ലിം ലീഗിന്റെ നോട്ടം.കെ.സുധാകരന്‍ മല്‍സരിക്കുന്നില്ലെങ്കില്‍ കണ്ണൂര്‍ സീറ്റിന് വേണ്ടി ലീഗ് വാദിക്കും.വയനാട്ടില്‍ രാഹുല്‍ മല്‍സരിക്കുന്നില്ലെങ്കില്‍ ആ സീറ്റ് വേണമെന്ന ആവശ്യവും ലീഗ് ഉന്നയിക്കുന്നുണ്ട്.കണ്ണൂരോ,വയനാട് ലീഗിന് നല്‍കണമെന്നാണ് ആവശ്യം.
ലോക്സഭയിലേക്ക് മൂന്നാം സീറ്റിന്  മുസ്ലിം ലീഗ് തികച്ചും അര്‍ഹരാണെന്ന് പാര്‍ട്ടി നേതാവ് പി.കെ.കുഞ്ഞാലികുട്ടി ആവര്‍ത്തിച്ചു പറയുന്നുണ്ട്.

 

Latest News