എയര്‍ ഇന്ത്യ വീല്‍ ചെയര്‍ ലഭ്യമാക്കിയില്ല, എമിഗ്രേഷന്‍ കൗണ്ടറിലേക്ക് ഒന്നര കിലോമീറ്റര്‍ നടക്കേണ്ടി വന്ന 80 കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

മുംബൈ - എയര്‍ ഇന്ത്യ അധികൃതര്‍ വീല്‍ ചെയര്‍ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ കൗണ്ടറിലേക്ക് ഒന്നര കിലോമീറ്റര്‍ ദൂരം നടക്കേണ്ടി വന്ന 80 കാരന്‍ മുംബൈ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെത്തിയ യാത്രക്കാരനാണ് മരിച്ചത്. വിമാന കമ്പനിയോട് വീല്‍ ചെയര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഭാര്യയോടൊപ്പം വിമാനത്തില്‍ നിന്നിറങ്ങി എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കവേ കുഴഞ്ഞു വീഴുകയായിരുന്നു.

അതേസമയം യാത്രക്കാര്‍ പുറത്തിറങ്ങിയ സമയത്ത് ആവശ്യത്തിന് വീല്‍ ചെയര്‍ ഉണ്ടായിരുന്നില്ലെന്നും വൃദ്ധ ദമ്പതികളോട് വീല്‍ ചെയറിനായി കാത്തിരിക്കാന്‍ പറഞ്ഞിരുന്നുവെന്നുമാണ് സംഭവത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വൈദ്യ സഹായം ഉറപ്പാക്കിയിരുന്നുവെന്നും അവര്‍ പറയുന്നു. ദമ്പതികള്‍ രണ്ട് പേരും വീല്‍ ചെയര്‍ ആവശ്യപ്പെട്ടിരുന്നു. ഏകദേശം 1.5 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ക്ക് എമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടക്കേണ്ടി വന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരനായ 80കാരനാണ് മരിച്ചത്. ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ 116 വിമാനത്തിലാണ് ഇവര്‍ എത്തിയത്. ദൗര്‍ഭാഗ്യകരമായ സംഭവമെന്നാണ് എയര്‍ ഇന്ത്യ വയോധികന്റെ മരണത്തെ നിരീക്ഷിക്കുന്നത്. വയോധികന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടതായും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

Latest News