(ചാമരാജനഗർ) ബെംഗളൂരു - ഭാര്യ മറ്റൊരു യുവാവിനൊപ്പം ഇൻസ്റ്റാഗ്രാം റീൽ ചെയ്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ പിജി പാല്യയിലെ കുമാറി(33)നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഹനൂരിലെ ഒരു മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തിയ കുമാർ പത്തുവർഷം മുമ്പാണ് വിവാഹിതനായത്. രണ്ട് പെൺമക്കളുമുണ്ട്. ഭാര്യ രൂപ സമൂഹമാധ്യമങ്ങളിൽ സദാസമയം മുഴുകുന്നതും നിരന്തരം റീൽസ് എടുക്കുന്നതും കുമാറിനെ വിഷമിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഇതേച്ചൊല്ലിയും കുമാറിന്റെ മദ്യപാനത്തെച്ചൊല്ലിയും ഇരുവരും തർക്കം പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. ഈയിടെ കുമാറിനോട് പിണങ്ങി ഭാര്യ തന്റെ വീട്ടിലേക്ക് പോകുകയും പിന്നാലെ, കഴിഞ്ഞ ദിവസം മറ്റൊരു യുവാവുമൊന്നിച്ച് ഇവർ ഇൻസ്റ്റയിൽ റീൽസ് ചിത്രീകരിക്കുകയുമായിരുന്നു. ഇതുകൂടി കണ്ടതോടെ കുമാർ മാനസികമായി വല്ലാതെ പ്രയാസപ്പെട്ടിരുന്നു. തുടർന്ന് ഫോണിൽ ഇരുവരും തമ്മിൽ കടുത്ത വാഗ്വാദമുണ്ടായതിന് ശേഷമാണ് ആത്മഹ്യയെന്നാണ് പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പ്രതികരിച്ചു.