റിയാദ് - വ്യാപാര സ്ഥാപനത്തിനു മുന്നില്‍ ഇരിക്കുകയായിരുന്ന സ്ത്രീകള്‍ക്കു മേല്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ ട്രാഫിക് ഡയറക്ടറേറ്റ് വിശദീകരണം നല്‍കിയത്.
അപകടത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ട്രാഫിക് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് ശിക്ഷകള്‍ പ്രഖ്യാപിക്കുന്നതിന് ഡ്രൈവറെ പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ഈ മാസം 13 ന് രാത്രി പത്തരയോടെയാണ് അപകടം. അപകടത്തിന്റെ ദൃശ്യങ്ങള്‍ വ്യാപാര സ്ഥാപനത്തിനു മുന്നില്‍ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വനിത ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.