ന്യൂദല്‍ഹി- വടക്കന്‍ ദല്‍ഹിയിലെ ദയാല്‍പുറിലെ പെയ്ന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. സംഭവ സ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതായി സന്ദേശം എത്തിയതെന്ന് അഗ്‌നിശമനാ സേന അറിയിച്ചു. 22 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാക്ടറിയുടെ താഴത്തെ നിലയില്‍ നിന്ന് പടര്‍ന്ന തീ നാല് മണിക്കൂറിന് ശേഷമാണ് നിയന്ത്രണ വിധേയമാക്കിയത്. 'വിവരം ലഭിച്ചയുടന്‍ 22 ഫയര്‍ ടെന്‍ഡറുകള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. 4 മണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാക്കി, തുടര്‍ന്ന് ശീതീകരണവും തിരച്ചില്‍ പ്രവര്‍ത്തനവും ആരംഭിച്ചു,' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 150 അഗ്‌നിശമന സേനാംഗങ്ങള്‍ തീയണച്ചതായി ഡി എഫ്എസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. ഫയര്‍ സേഫ്റ്റിക്കുള്ള എന്‍ഒസി ഫാക്ടറിക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറിയില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നുവെന്നും വലിയ തീനാളങ്ങള്‍ ഉയരുന്നത് കണ്ടെന്നും ദൃക്‌സാക്ഷികള്‍ പോലീസില്‍ അറിയിച്ചു.