മുംബൈ- ഭര്‍ത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും സാമ്പത്തിക സഹായം നല്‍കുന്നതും ഗാര്‍ഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് കോടതി. മുംബൈ സെഷന്‍സ് കോടതിയുടേതാണ് നിരീക്ഷണം. മുന്‍ ഭര്‍ത്താവിനെതിരെ 53 കാരി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. നേരത്തെ ഇതേ ഹര്‍ജി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
'ഭര്‍ത്താവ് സ്വന്തം അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നു, സാമ്പത്തിക സഹായം നല്‍കുന്നു എന്നതാണ് ഹര്‍ജിക്കാരിയുടെ പരാതി. ഇത് ഗാര്‍ഹിക പീഡനമായി കണക്കാക്കാനാവില്ല. കൂടാതെ ഭര്‍ത്താവിന്റെ എന്‍ആര്‍ഇ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കുകയും ഹര്‍ജിക്കാരി സ്വന്തം പേരില്‍ ഒരു ഫ്ളാറ്റ് വാങ്ങുകയും ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു'- ജഡ്ജി പറഞ്ഞു.
2008ലാണ് യുവതി കോടതിയെ സമീപിക്കുന്നത്. 1992 ല്‍ താന്‍ വിവാഹിതയായി. അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചത്. രണ്ടു വര്‍ഷത്തിനുശേഷം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ജോലിക്ക് പോകാന്‍ അമ്മായിയമ്മ അനുവദിച്ചിരുന്നില്ല. കുടുംബത്തിലെ മറ്റുള്ളവരോടൊപ്പം ചേര്‍ന്ന് തന്നെ ഉപദ്രവിക്കാറുണ്ടെന്നും യുവതി ആരോപിച്ചു.
നിസാര കാര്യങ്ങളുടെ പേരില്‍ ഭര്‍ത്താവ് താനുമായി വഴക്കിടാറുണ്ട്. അമ്മയാണ് ഇതിന് പ്രേരണ നല്‍കുന്നതെന്നും യുവതി. 1996 മുതല്‍ 2004 വരെ വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് ഭര്‍ത്താവ് അമ്മയ്ക്ക് പണം അയച്ചുകൊടുത്തതായും യുവതി പരാതിപ്പെട്ടു.
തന്റെ ഭാര്യ അത്യാഗ്രഹിയായിരുന്നെന്നും എന്‍ആര്‍ഇ അക്കൗണ്ടില്‍ നിന്ന് 21 ലക്ഷം രൂപ പിന്‍വലിച്ചെന്നും തന്നെ ഒരിക്കലും ഭര്‍ത്താവായി കണക്കാക്കിയില്ലെന്നും ഭര്‍ത്താവ് വാദിച്ചു. ഭാര്യയുടെ ക്രൂരതയെ തുടര്‍ന്ന താന്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. 2016 ല്‍ സെഷന്‍സ് കോടതി യുവതിയുടെ ഹര്‍ജി തള്ളി.ഇതിനെതിരെയാണ് യുവതിയെ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിക്കാരി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയാണെന്നും മകള്‍ക്ക് 29 വയസ്സ് ഉള്ളതിനാലും ജീവനാംശത്തിന് അര്‍ഹ അല്ലെന്നും കോടതി വിധിച്ചു.