Sorry, you need to enable JavaScript to visit this website.

നസ്സർ ആശുപത്രിയിൽ ഇരച്ചുകയറി ഇസ്രായിൽ സൈന്യം

ഗാസ- രോഗികളും അഭയാർഥികളും നിറഞ്ഞ ഖാൻ യൂനിസിലെ അൽ നസ്സർ ആശുപത്രിയിലേക്ക് ടാങ്കുകളുമായി ഇരച്ചുകയറി ഇസ്രായിൽ സൈന്യം. യന്ത്രത്തോക്കുകളിൽനിന്ന് നിർത്താതെ വെടിവെച്ചുകൊണ്ടാണ് എല്ലാ യുദ്ധ നിയമങ്ങളും ലംഘിച്ച് ഇസ്രായിലിന്റെ കടന്നാക്രമണം. ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അൽ നസ്സർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് ക്രൂരമായ ആക്രമണം.
പരിശോധനക്ക് വേണ്ടിയാണ് ഈ കടന്നുകയറ്റമെന്നും രോഗികളടക്കം ആരും ആശുപത്രിയിൽനിന്ന് പോകേണ്ടതില്ലെന്നാണ് ഇസ്രായിൽ സൈന്യം പറയുന്നത്. എന്നാൽ നിർത്താതെയുള്ള വെടിവെയ്പിൽ ആശുപത്രിക്കുള്ളിലുള്ളവരുടെ ജീവൻ അപകടത്തിലാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഗാസയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന അപൂർവം ആശുപത്രികളിലൊന്നാണ് അൽ നസ്സർ. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിക്ക് സമീപം നടന്ന ബോംബാക്രമണങ്ങൾ ഇവിടത്തെ പ്രവർത്തനത്തെ വലിയ തോതിൽ തടസ്സപ്പെടുത്തിയിരുന്നു. ഗാസയിലെ ജനങ്ങൾക്കു മുഴുവൻ ഇപ്പോൾ ആശ്രയിക്കാൻ അവശേഷിക്കുന്ന ആശുപത്രിയാണ് അൽ നസ്സറെന്ന് ലോകാരോഗ്യ സംഘടനട അറിയിച്ചു.
ഗാസയിൽ ഇന്നലെയും രൂക്ഷമായ ആക്രമണമാണ് ഇസ്രായിൽ സമയം നടത്തിയത്. 24 മണിക്കൂറിനിടെ 87 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ ഇസ്രായിൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28,663 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പരിക്കേറ്റവർ 68,395 ആയി. മധ്യ ഗാസയിലെ നുസൈറത് അഭയാർഥി ക്യാമ്പിനുനേരെ ഇസ്രായിൽ നടത്തിയ ബോംബാക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. 
ഇസ്രായിൽ വ്യോമാക്രമണം കടുപ്പിച്ചതോടെ റഫായിൽനിന്ന് ജനങ്ങൾ മറ്റ് ഭാഗങ്ങളിലേക്ക് പലായനം തുടങ്ങി. മുമ്പ് സുരക്ഷമെന്ന് പറഞ്ഞ് ഇസ്രായിൽ സൈന്യം തന്നെ ഇവരെ റഫായിലേക്ക് പറഞ്ഞുവിട്ടതാണ്.
തെക്കൻ ലെബനോനിൽ ഇസ്രായിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാണ്ടറടക്കം 12 പേർ കൊല്ലപ്പെട്ടു. ഇതിൽ അധികവും സിവിലിയന്മാരാണ്. ഹിസ്ബുല്ല കമാണ്ടറായ അലി അൽ ദേബ്ിനെയും, അദ്ദേഹത്തിന്റെ ഡപ്യൂട്ടിയെയും, ഒരു ഹിസ്ബുല്ല പോരാളിയെയും നബാത്തിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായിൽ സൈന്യം അറിയിച്ചു. ദെബ്‌സ് അടക്കം മൂന്ന് പോരാളികൾ വീരമൃത്യു വരിച്ചതായി ഹിസ്ബുല്ലയും സ്ഥിരീകരിച്ചു. യുദ്ധം ആരംഭിച്ചശേഷം ലെബനോനിലേക്ക് ഇസ്രായിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇതോടെ യുദ്ധം കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക പരന്നിട്ടുണ്ട്. ഇസ്രായിലിലെ കിര്യത് ഷ്‌മോണയിലേക്ക് ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിൽ ഒരു ഇസ്രായിലി സൈനികനും കൊല്ലപ്പട്ടു.
അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി സി.ഐ.എ മേധാവി വില്യം ബേൺസ് ഇസ്രായിലിലെത്തി. കയ്‌റോയിൽ മധ്യസ്ഥരായ ഈജിപ്തിന്റെയും, ഖത്തറിന്റെയും പ്രതിനിധികളുമായി ചർച്ച നടത്തിയശേഷമാണ് ബേൺസ് തെൽ അവീവിലെത്തിയത്. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും, മൊസാദ് തലവനുമായും അദ്ദേഹം ചർച്ച നടത്തും.
ചെങ്കടലിൽ ഒരു കപ്പൽകൂടി ഹൂത്തികൾ ആക്രമിച്ചു. ഏഡനു സമീപമാണ് ആക്രമണമുണ്ടായതെന്ന് യു.കെ. മാരിടൈം ട്രേഡ് ഓർഗനൈസേഷൻ അറിയിച്ചു. അമേരിക്കയും ബ്രിട്ടനും യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി ആക്രമണം നടത്തിയതിന് പിന്നാലെയാണ് വീണ്ടും കപ്പൽ ആക്രമിച്ചത്.
അതിനിടെ, ഇസ്രായിൽ സുഹൃദ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും വാക്കുകൾ കേൾക്കണമെന്ന് ഓസ്‌ട്രേലിയ, ന്യൂസിലന്റ്, കാനഡ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ആവശ്യപ്പെട്ടു. ഹമാസിനെ തോൽപ്പിക്കുന്നതിന് സാധാരണക്കാർ വിലകൊടുക്കേണ്ടിവരാൻ പാടില്ലെന്നും അവർ പറഞ്ഞു.
 

Latest News